രജനികാന്തിനൊപ്പം സിനിമ ചെയ്യാന്‍ ഭയമാണ്, നന്ദി പറഞ്ഞ് ആ ഓഫര്‍ നിരസിക്കുകയായിരുന്നു: പൃഥ്വിരാജ്

അഭിനേതാവിന് പുറമെ താനൊരു മികച്ച സംവിധായകന്‍ കൂടിയാണെന്ന് പൃഥ്വിരാജ് ‘ലൂസിഫര്‍’ സിനിമയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് മോഹന്‍ലാലിനെ നായകനാക്കി ‘ബ്രോ ഡാഡി’ എന്ന സിനിമയും പൃഥ്വിരാജ് ഒരുക്കി. ‘എമ്പുരാന്‍’ അടക്കം ബിഗ് ബജറ്റ് ചിത്രങ്ങളാണ് പൃഥ്വിയുടെ സംവിധാനത്തില്‍ ഇനി ഒരുങ്ങാന്‍ പോകുന്നത്.

രജനികാന്തിനെ നായകനാക്കി എന്തുകൊണ്ട് സിനിമ ചെയ്തില്ലെന്ന ചോദ്യത്തിന് പൃഥ്വിരാജ് പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് സംസാരിച്ചത്. രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഓഫര്‍ വന്നെങ്കിലും താന്‍ നിരസിച്ചു എന്നാണ് താരം പറയുന്നത്.

രജനികാന്തിനെ നായകനാക്കി ഒരു തമിഴ് സിനിമ സംവിധാനം ചെയ്യുന്നതിനുള്ള ഓഫര്‍ കുറച്ചു കാലം മുമ്പ് വന്നിരുന്നു. പക്ഷേ, ആ സിനിമ ചെയ്യാതിരുന്നതിന് കാരണം തന്റെ ഭയമായിരുന്നു. രജനികാന്തിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നത് ചെറിയ കാര്യമല്ല. അദ്ദേഹത്തിനെ നായകനാക്കി സിനിമ ചെയ്യുമ്പോള്‍ അത് തന്നെ തൃപ്തിപ്പെടുത്തുന്നതായിരിക്കണം.

അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ എന്ന നിലയില്‍ തന്നെ നിരാശനാക്കാന്‍ പാടില്ല. ലൂസിഫറിനു ശേഷമാണ് തമിഴില്‍ നിന്നും ഓഫര്‍ വന്നത്. അങ്ങനെ ഒരു അവസരത്തിലേക്ക് തന്നെ പരിഗണിച്ചതിന് നന്ദി പറഞ്ഞ് അത് നിരസിക്കുകയായിരുന്നു. മാത്രമല്ല, ഓഫര്‍ വന്നപ്പോള്‍ അത് അടുത്തതായി ചെയ്യേണ്ട സിനിമയായിരുന്നു.

പെട്ടന്ന് ഒരു സിനിമ ചെയ്യാന്‍ തനിക്ക് സാധിക്കില്ല. എന്നെങ്കിലും രജനികാന്തിനെ നായകനാക്കിയുള്ള ഒരു ത്രെഡില്‍ ആത്മവിശ്വാസം വന്നാല്‍, അദ്ദേഹത്തോട് പറയും ‘രജനി സര്‍, എനിക്കൊരു കഥ പറയാനുണ്ട്’ എന്ന്. ആത്മവിശ്വാസം വന്നാല്‍ തീര്‍ച്ചയായും ചെയ്യും എന്നാണ് പൃഥ്വിരാജ് പറയുന്നത്.