മലയാളത്തിൽ ഇന്ന് നടൻ എന്നതിലുപരി നിർമ്മാതാവായും, സംവിധായകനായും, ഫിലിം ഡിസ്ട്രിബ്യൂട്ടറായും കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. മോഹൻലാൽ ചിത്രം എമ്പുരാൻ ആണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ദുൽഖർ സൽമാനെ പറ്റിയും, ഫഹദ് ഫാസിലിനെ പറ്റിയും പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
വേഫറർ ഫിലിം ഹൗസിന് വേണ്ടി നന്നായി ഹാർഡ്വർക്ക് ചെയ്യുന്ന ഒരാളാണ് ദുൽഖർ എന്നാണ് പൃഥ്വി പറയുന്നത്. ഭാവിയിൽ അത് എങ്ങനെയാവണമെന്ന് കൃത്യമായ ധാരണ ദുൽഖറിന് ഉണ്ടെന്നും പൃഥ്വി പറയുന്നു. നമ്മൾ എത്തിപ്പെട്ട സ്ഥലത്ത് നിലനിൽക്കാനും അവിടെ നിന്ന് കൊണ്ട് മുന്നോട്ട് പോകുവാനുമാണ് ഏറ്റവും ബുദ്ധിമുട്ട് എന്നാണ് പൃഥ്വി പറയുന്നത്.
“എന്റെ സുഹൃത്താണ് ദുൽഖർ. ഞങ്ങൾ തമ്മിൽ നിരന്തരം സംസാരിക്കാറുണ്ട്. ഓരോ തവണ കാണുമ്പോഴും ദുൽഖറിന് തന്റെ വേഫറർ ഫിലിം ഹൗസിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഭാവിയിൽ എങ്ങനെ ആവണം എന്നതിനെ കുറിച്ച് നല്ലൊരു വിഷൻ ഉള്ള ചെറുപ്പക്കാരനാണ് ദുൽഖർ. അതിനു വേണ്ടി ദുൽഖർ നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുമുണ്ട്. മുറമേ നിന്ന് നോക്കുമ്പോൾ ഒരുപക്ഷേ കാണുന്നുണ്ടാവില്ല. അതുപോലെ തന്നെയാണ് ഫഹദ് ഫാസിൽ.
എനിക്ക് പരിചയമുള്ള ആളുകളെ കുറച്ചാണ് ഞാൻ പറയുന്നത്. ഞാൻ മാത്രമൊന്നുമല്ല ഹാർഡ് വർക്കിംഗ്. അന്നു പറഞ്ഞ കാര്യങ്ങളിലേക്ക് എത്തിച്ചേരാൻ ഞാൻ കുറച്ചധികം അധ്വാനിച്ചു എന്നു മാത്രമേ ഉള്ളു. അതുവഴി എന്റെ പരിശ്രമങ്ങൾക്ക് ഒരു റിവാർഡ് കിട്ടി എന്നു മാത്രം. എത്തിപ്പെടണം എന്നു ആഗ്രഹിക്കുന്ന സ്ഥലത്ത് എത്തിപ്പെടുന്നതല്ല കഠിനം. സത്യത്തിൽ അത് വളരെ എളുപ്പമാണ്. നമ്മൾ എത്തിപ്പെട്ട സ്ഥലത്ത് നിലനിൽക്കാനും അവിടെ നിന്ന് കൊണ്ട് മുന്നോട്ട് പോകുവാനുമാണ് ബുദ്ധിമുട്ട്.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്.