ഞാനും സുപ്രിയയും ഹ്യുണ്ടായ് കാറിൽ; എൻ്റെ അസിസ്റ്റൻ്റ്സ് ഫെരാരിയിൽ ഞങ്ങളെ ഫോളോ ചെയ്യുന്നു; അനുഭവം പങ്കുവെച്ച് പൃഥ്വിരാജ്

വാഹനങ്ങളോട് എന്നും ഇഷ്ടകൂടുതലുള്ള താരമാണ് പൃഥ്വിരാജ് സുകുമാരൻ. എന്നാൽ പൃഥ്വിയുടെ ജീവിത പങ്കാളിയായ സുപ്രിയക്ക് പൃഥ്വിയുടെ അത്രയും താത്പര്യം വാഹങ്ങളോട് ഇല്ലെന്ന് പറയാം. ഇപ്പോഴിതാ കാലിഫോർണിയയിൽ വെച്ച് നടന്ന ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.

കാലിഫോർണിയയിൽ മികച്ച റോഡായിരുന്നുവെന്നും സ്പീഡ് ലിമിറ്റോ, ക്യാമറകളോ ഒന്നും തന്നെ ഇല്ലാത്തതിനാൽ നല്ല വേഗത്തിൽ വണ്ടിയോടിക്കുന്നത് എപ്പോഴും തന്നെ ത്രില്ലടിപ്പിക്കുമെന്നും പൃഥ്വിരാജ് പറയുന്നു. എന്നാൽ സുപ്രിയ അന്ന് അതിന് സമ്മതിച്ചില്ലെന്നും പൃഥ്വിരാജ് പറയുന്നു.

“ഏറ്റവും ഫണ്ണിയായിട്ടുള്ള ട്രിപ്പ് ഏതാണെന്ന് ചോദിച്ചാൽ കാലിഫോർണിയയിൽ കുറച്ച് വർഷം മുമ്പ് പോയ ഒരു ട്രിപ്പായിരുന്നു. അവിടത്തെ റോഡിലൂടെ യാത്ര ചെയ്യുന്നത് എനിക്ക് എന്നും ഇഷ്‌ടമുള്ള കാര്യമാണ്. ആ വഴികളിലൊന്നും സ്‌പീഡ് ക്യാമറകളില്ല. നല്ല വേഗത്തിൽ വണ്ടിയോടിക്കുന്നത് എപ്പോഴും എന്നെ ത്രില്ലടിപ്പിക്കും.

അവിടന്ന് ഞാൻ ഒരു ഫെരാരി കാർ ഒപ്പിച്ചു. ഞാനും സുപ്രിയയും കൂടെ യാത്ര തുടങ്ങി. ആൾത്തിരക്കൊന്നുമില്ലാത്ത വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡ് കണ്ടപ്പോൾ എനിക്ക് ത്രില്ലടിച്ചു. ഞാൻ നല്ല സ്‌പീഡിൽ ഓടിക്കാൻ തുടങ്ങി. ഇത് കണ്ട് സുപ്രിയ ബഹളം വെച്ചു. ഞങ്ങളുടെ പിന്നാലെ എന്റെ അസിസ്റ്റന്റുമാർ വരുന്നുണ്ടായിരുന്നു. ഒരു സാദാ ഹ്യൂണ്ടായിയിൽ ആയിരുന്നു അവർ വന്നുകൊണ്ടിരുന്നത്.

ഈ കാറിൽ ഇനി യത്ര ചെയ്യില്ലെന്ന് സുപ്രിയ പറഞ്ഞു. ഇത് കേട്ട് ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കിയിട്ടു. എൻ്റെ സഹായികൾ വന്നപ്പോൾ ഞാൻ അവരുടെ വണ്ടി വാങ്ങിയിട്ട് ആ ഫെരാരി അവർക്ക് കൊടുത്തു. പിന്നീട് ഉണ്ടായത് എന്താണെന്ന് വെച്ചാൽ ഞാനും സുപ്രിയയും ഹ്യുണ്ടായ് കാറിൽ കാലിഫോർണിയയിലൂടെ പോകുന്നു. എൻ്റെ അസിസ്റ്റൻ്റ്സ് ഫെരാരിയിൽ ഞങ്ങളെ ഫോളോ ചെയ്യുന്നു. വല്ലാത്ത അനുഭവമായിരുന്നു അത്.” എന്നാണ് മാഷബിൾ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വി പറഞ്ഞത്.

അതേസമയം ‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. പൃഥ്വിരാജ്- ബേസിൽ ജോസഫ് കോമ്പോയിൽ എത്തിയ ചിത്രം വരും ദിവസങ്ങളിൽ 100 കോടി ക്ലബ്ബിൽ കയറുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

അനശ്വര രാജനും നിഖില വിമലുമാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. തമിഴ് താരം യോഗി ബാബുവിന്റെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ഗുരുവായൂരമ്പല നടയിൽ. കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ്  തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read more