ഒരു നടനെ വിമര്‍ശിച്ചാല്‍ ആരാധകരില്‍ നിന്ന് ഭീഷണിയും അധിക്ഷേപങ്ങളും: നിരാശാജനകമെന്ന് പൃഥ്വിരാജ്

സിനിമാ നടന്മാരെ വിമര്‍ശിക്കുന്നയാളെ ഭീഷണിയും അധിക്ഷേപങ്ങളും കൊണ്ടു നേരിടുന്ന മലയാളികളുടെ താരാരാധന നിരാശാജനകമെന്ന് നടന്‍ പൃഥ്വിരാജ്. കേരളത്തിലെ ആരാധകര്‍ ഏറ്റവും യുക്തിസഹജമായി ചിന്തിക്കുന്നവരാണെന്ന് അവകാശപ്പെടാന്‍ ആവില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

“കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ നടന്ന സംഭവങ്ങളില്‍ നിന്നും കേരളത്തിലെ ആരാധകവൃന്ദം ഏറെ നിരാശപ്പെടുത്തുകയാണ്. ഒരു നടനെ വിമര്‍ശിച്ചാല്‍ പിന്നെ അവരുടെ ആരാധകരില്‍ നിന്നും വളരെ മോശമായ അധിക്ഷേപങ്ങളും ഭീഷണികളും നേരിടേണ്ടി വരും. നമ്മള്‍ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കില്‍ അങ്ങനെ ചെയ്യുമോ? കേരളത്തിലെ ആരാധകര്‍ ഏറ്റവും യുക്തിസഹജമായി ചിന്തിക്കുന്നവര്‍ എന്ന് അവകാശപ്പെടാന്‍ ഇനി നമുക്ക് സാധിക്കും എന്ന് ഞാന്‍ കരുതുന്നില്ല.” ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

Read more

അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് പൃഥ്വി ഇപ്പോള്‍. പൃഥ്വിയും ബിജു മേനോനുമാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സാണ് റിലീസിന് ഒരുങ്ങുന്ന പുതിയ പൃഥ്വി ചിത്രം. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.