ഹാസ്യചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ തനിക്ക് ഇനി ധൈര്യമില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. കുതിരവട്ടം പപ്പു, സുകുമാരി, തിലകന്‍ തുടങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളുടെ അഭാവമാണ് തന്നെ അങ്ങനെ ചിന്തിപ്പിക്കുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പലപ്പോഴും ഞാന്‍ കഥാപാത്രങ്ങളെ എഴുതി രൂപപ്പെടുത്തിയിരുന്നത് അവരെയെല്ലാം മനസ്സില്‍ കണ്ടായിരുന്നു. പപ്പുവേട്ടന്റെ അഭിനയം കണ്ട് ഞാന്‍ കട്ട് പറയാന്‍ പോലും മറന്നു പോയിട്ടുണ്ട്. അങ്ങനെയുള്ള നടന്‍മാര്‍ ഈ പുതിയ തലമുറയില്‍ ഉണ്ടോ എന്ന് സംശയമാണ്. ഇല്ല എന്ന് ഞാന്‍ പറയുന്നില്ല, അതിനുള്ള അവസരം അവര്‍ക്ക് ലഭിക്കാത്തതുകൊണ്ടായിരിക്കും” പ്രിയദര്‍ശന്‍ പറഞ്ഞു.
Read more
ഇന്നത്തെ സംവിധായകര്‍ പ്രതിഭകളാണെന്നും പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടു. “കുമ്പളങ്ങി നൈറ്റ്സ്, ഹെലന്‍ തുടങ്ങിയ സിനിമ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു, എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ സാധിക്കാത്തത് എന്ന്. മലയാള സിനിമയിലെ കഥയും അഭിനയവുമെല്ലാം വളരെ റിയലിസ്റ്റിക്കായി. എന്നെപ്പോലുള്ള ആളുകള്‍ വിരമിക്കേണ്ട സമയമായി എന്ന് പോലും തോന്നാറുണ്ട്” പ്രിയദര്‍ശന്‍ പറഞ്ഞു.