ഇനി ചരിത്ര സിനിമ ചെയ്യില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് താനെന്നും അദ്ദേഹം മാതൃഭൂമി അക്ഷരോത്സവത്തിന്റെ ‘ഊട്ടിപ്പട്ടണ പ്രവേശം’ എന്ന സെഷനില്‍ പറഞ്ഞു.
‘നമ്മള്‍ പുതിയ തലമുറയെ കണ്ടല്ല, പുതിയ തലമുറയില്‍ നിന്ന് നമ്മളാണ് പഠിക്കുന്നത്. അവരുടെ അഭിരുചിയില്‍ നിന്നും വിപ്ലവകരമായ പെരുമാറ്റത്തില്‍ നിന്നും പലതും പഠിക്കുന്നുണ്ട്. പണ്ട് എനിക്ക് പഠിത്തത്തില്‍ തീരെ താല്പര്യം ഇല്ലായിരുന്നു.പ്രീ ഡിഗ്രിക്കും ഡിഗ്രിക്കും തോറ്റു, പിന്നെ എഴുതി എടുത്തു’, പ്രിയദര്‍ശന്‍ പറഞ്ഞു.
‘അടാപ്‌റ്റേഷന്‍ ആണ് പ്രയാസം. മയ്യഴിപ്പുഴ ചെയ്യണം എന്നുണ്ട്. പക്ഷേ ചെയ്യില്ല. കിട്ടിയ ചീത്തപ്പേര് മതി, കൂടുതല്‍ വേണ്ട. മനസ്സില്‍ പതിഞ്ഞ നോവല്‍ സിനിമയാക്കിയാല്‍ നീതി പാലിക്കാന്‍ പ്രയാസമാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more
‘ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാന്‍. ദേഹം മുഴുവന്‍ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താല്‍ ഡോക്യൂമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോര്‍ച്ചുഗീസ് ചരിത്രത്തില്‍ മരക്കാര്‍ മോശക്കാരനാണ്.അറബി ചരിത്രത്തില്‍ നല്ലവനാണ്. ഏത് നമ്മള്‍ വിശ്വസിക്കും. ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാന്‍ ഇനി ചെയ്യില്ല. പ്രിയദര്‍ശന്‍ പറഞ്ഞു.