മലയാള സിനിമയില്‍ നിരവധി ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. എംടി വാസുദേവന്‍ നായരുടെ ഒരു തിരക്കഥ വായിച്ചപ്പോഴാണ് തനിക്ക് ആദ്യമായി സിനിമ സംവിധാനം ചെയ്യണം തോന്നിയത് എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. എന്നാല്‍ പി.എന്‍ മേനോന്‍ സാര്‍ സംവിധാനം ചെയ്ത ആ സിനിമ കണ്ടപ്പോള്‍, താന്‍ സങ്കല്‍പ്പിച്ചതിനെ കുറിച്ചോര്‍ത്ത് നിരാശ തോന്നി എന്ന് സംവിധായകന്‍ പറയുന്നു.
ഓളവും തീരവും എന്ന സിനിമയുടെ എം.ടി. എഴുതിയ തിരക്കഥ വായിച്ചപ്പോഴാണ് ആദ്യമായി ഒരു സിനിമ ചെയ്യണമെന്ന് താന്‍ തീരുമാനിച്ചത്. അത്രയ്ക്ക് നല്ല തിരക്കഥ. പക്ഷേ, അതിനെ കുറിച്ച് ഏറെ ആലോചിച്ച ശേഷം താനാ സിനിമ കണ്ടു. ശരിക്കും നിരാശ തോന്നി. താന്‍ മനസില്‍ സങ്കല്‍പ്പിച്ചതിന്റെ അടുത്തെത്തിയില്ല സിനിമ എന്നാണ് പ്രിയദര്‍ശന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
പി.എന്‍ മേനോന്‍ സാര്‍ അന്ന് ചെയ്തത് അത്ഭുതമാണ്. പക്ഷേ, സ്‌ക്രീനില്‍ അത്രയേ ചെയ്യാനാവൂ. എന്നാല്‍ ഇന്ന് തനിക്ക് ആ സിനിമ ചെയ്താല്‍ കൊള്ളാമെന്നുണ്ട്. അതൊരു മാസ്റ്റര്‍ സ്‌ക്രിപ്റ്റാണ്. അത് വായിക്കുമ്പോള്‍ ഓരോ രംഗവും മിഴിവോടെ നമ്മുടെ മുന്നില്‍ നില്‍ക്കും. വാക്കുകള്‍ക്കിടയിലായിരുന്നു അതില്‍ അര്‍ഥം. എം.ടി.യെ താന്‍ നമിച്ചു പോയത് അവിടെയാണ് എന്ന് സംവിധായകന്‍ പറയുന്നു.
േേബാളിവുഡ് ചിത്രം ഹംഗാമ 2 ആണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ അടുത്തിടെ റിലീസ് ചെയ്ത ചിത്രം. ജൂലൈ 23ന് ആണ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ ചിത്രം റിലീസ് ചെയ്തത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് സംവിധാകന്റെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.