അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റിനുവേണ്ടി രാമക്ഷേത്രത്തിന്റെ ചരിത്രംപറയുന്ന ഡോക്യു ഡ്രാമയുമായി പ്രിയദർശൻ. 1883 മുതൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം വരെയുള്ള കാര്യങ്ങളാണ് ഡോക്യു- ഫിക്ഷൻ ചിത്രത്തിൽ പറയുന്നത്.
ഇന്ത്യൻ ചരിത്രം, മുഗൾ അധിനിവേശം, ബാബരി മസ്ജിദിന്റെ ചരിത്രം, കർസേവ, നിയമാപ്പോരാട്ടം, കോടതി വിധി തുടങ്ങീ നിരവധി കാര്യങ്ങളാണ് ഡോക്യു- ഫിക്ഷൻ ചിത്രത്തിൽ ഉൾപ്പെടുത്തുന്നത്.
നേരത്തെ പുതിയ പാർലിമെന്റ് മന്ദിരവുമായി ബന്ധപ്പെട്ട ചെങ്കോൽ കൈമാറ്റം പ്രിയദർശനും സന്തോഷ് ശിവനും ചേർന്ന് ചിത്രീകരിച്ചിരുന്നു. തന്റെ കരിയറിലെ മറ്റൊരു മഹത്തായ മുഹൂർത്തം എന്നാണ് പ്രിയദർശൻ പറയുന്നത്.
“കാലാപാനിയും കുഞ്ഞാലിമരയ്ക്കാരും ചെങ്കോലും ചെയ്ത എന്റെ കരിയറിലെ മറ്റൊരു മഹത്തായ മുഹൂര്‍ത്തമാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കഥ പറയുന്ന ഈ ഡോക്യു ഡ്രാമ. കുട്ടിക്കാലത്ത് രാമായണം കേട്ടുവളര്‍ന്ന നാളുകള്‍ ഞാനിപ്പോള്‍ ഓര്‍ക്കുന്നു. ഇത്തരത്തില്‍ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചിത്രീകരിക്കുന്നത് അഭിമാനകരവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്.” എന്നാണ് പ്രിയദർശൻ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ലക്‌നൗ, അയോധ്യ, വാരാണസി, ഡല്‍ഹി, കൊച്ചി, ചെന്നൈ, റാമോജി ഫിലിം സിറ്റി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ദിവാകര്‍ മണിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.