‘രണ്ടാമൂഴം’ സിനിമയാക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കി സംവിധായകന്‍ പ്രിയദര്‍ശന്‍. ‘കൊറോണ പേപ്പേഴ്‌സ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് പ്രിയദര്‍ശന്‍ സംസാരിച്ചത്. പ്രസ് മീറ്റിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ‘എം.ടിയുടെ സ്‌ക്രിപ്റ്റില്‍ രണ്ടാമൂഴം സിനിമയാക്കുമോ?’ എന്ന് സംവിധായകനോട് ചോദിക്കുകയായിരുന്നു.
ചോദ്യത്തിന് പ്രിയദര്‍ശന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ”ഇനി ഒരു ഊഴവുമില്ല.. ഒരു ഊഴത്തോടെ മതിയായി..കുഞ്ഞാലി മരക്കാരുടെ ഊഴത്തോടെ ഞാന്‍ എല്ലാപരിപാടിയും നിര്‍ത്തി” എന്നായിരുന്നു പ്രിയന്റെ മറുപടി.
സംവിധായകന്റെ പ്രതികരണം കേട്ട നടന്‍ സിദ്ധിഖ് അടക്കമുള്ളവര്‍ക്ക് ചിരി അടക്കാനായില്ല. മോഹന്‍ലാലിനെ നായകനാക്കി വന്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച് 2021ല്‍ പുറത്തിറക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചിരുന്നില്ല.
ദേശീയ അവാര്‍ഡ് വരെ സിനിമയ്ക്ക് ലഭിച്ചെങ്കിലും കാലാപാനി അടക്കമുള്ള പിരിയോഡിക് സിനിമകള്‍ ഒരുക്കിയ പ്രിയദര്‍ശനില്‍ നിന്ന് പ്രതീക്ഷക്കൊത്ത സിനിമയായി മരക്കാര്‍ മാറിയില്ല എന്നതാണ് പ്രേക്ഷകരുടെ സമ്മിശ്ര പ്രതികരണത്തിന് കാരണം.
മരക്കാറിന് ശേഷം ത്രില്ലറുമായാണ് പ്രിയദര്‍ശന്‍ എത്തുന്നത്. ഏപ്രില്‍ 7ന് റിലീസ് ചെയ്യുന്ന കൊറോണ പേപ്പേഴ്‌സില്‍ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.