ഇന്ന് അഞ്ചാം വിവാഹവാർഷികം ആഘോഷിക്കുകയാണ് നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും. സ്റ്റൈലിഷ് ലുക്കിൽ ഇരുവരും ന്യൂയോർക്ക് നഗരത്തിലൂടെ കൈപിടിച്ചു നടക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഇരുവരുടെയും ചിത്രങ്ങൾ ഒരു ഫാൻ പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ മകൾ മാൾട്ടി മേരി ചോപ്ര ജോനാസിനെയാണ് ആരാധകർ തിരഞ്ഞത്. അതേസമയം നിരവധി ആരാധകർ ഇരുവർക്കും വിവാഹവാര്‍ഷിക ആശംസകൾ നേരുകയും ചെയ്തിട്ടുണ്ട്.
2017ലെ ഗാലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും ഒരുമിച്ച് നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. തുടർന്ന് പ്രണയത്തിലാവുകയും ചെയ്തു.
2018 ഡിസംബറിലാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹിതരായത്. ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വെച്ച് ദിവസങ്ങളോളം നീണ്ടുനിന്ന വിവാഹമായിരുന്നു അത്. ദമ്പതികളുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.
എന്നാൽ വിവാഹ സമയത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് രണ്ട് പേരുടെയും പ്രായ വ്യത്യസ്തമായിരുന്നു. പത്ത് വയസ്സിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. മാത്രമല്ല, പ്രിയങ്കയും നിക്കും ഒരു വർഷം പോലും ഒരുമിച്ച് ജീവിക്കില്ലെന്നും ഉടൻതന്നെ വേർപിരിയുമെന്നും പ്രവചനങ്ങൾ വന്നിരുന്നു.
വിവാഹശേഷം പ്രിയങ്ക നിക്ക് ജോനാസിനൊപ്പം ലോസ് ഏഞ്ചൽസിലേക്ക് മാറി. 2022 ജനുവരിയിലാണ് മകൾ മാൾട്ടി മേരിയുടെ ജനനം. ഇരുവരുടെയും അമ്മമാരുടെ പേരുകൾ ചേർത്താണ് മകൾക്ക് പേരിട്ടത്. വാടക ഗർഭധാരണത്തിലൂടെയായിരുന്നു മൾട്ടിയുടെ ജനനം.