മറ്റൊരു ജെയിംസ് ബോണ്ട് സിനിമ കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. ബ്രിട്ടീഷ് സീക്രട്ട് ഏജന്റായി ഡാനിയല്‍ ക്രെയ്ഗ് ഒരിക്കല്‍ കൂടി വേഷമിടുന്ന നോ ടൈം ടു ഡൈ അടുത്ത വര്‍ഷം ഏപ്രിലിലാകും തിയേറ്ററുകളിലെത്തുക. ഇരുപത്തിയഞ്ചാം ജെയിംസ് ബോണ്ട് ചിത്രം എന്നതിലുപരി ഡാനിയല്‍ ക്രെയ്ഗിന്റെ അവസാന ബോണ്ട് ചിത്രം കൂടിയാണ് നോ ടൈം ടു ഡൈ എന്നതാണ്. ക്രെയ്ഗിനു ശേഷം ആരാവും ബോണ്ട് എന്നതാണ് ഇപ്പോള്‍ ഹോളിവുഡിലെ ചൂടുള്ള വിഷയം.
പല പേരുകളും ഉയരുന്നുണ്ടെങ്കിലും അടുത്ത ബോണ്ട് ചിത്രത്തില്‍ ബ്രിട്ടീഷ് സീക്രട്ട് ഏജന്റായി ഒരു സ്ത്രീ കഥാപാത്രമാവും എത്തുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഒരു സ്ത്രീ ബോണ്ട് ഉണ്ടാകണമെന്നും, തനിക്ക് ആ വേഷം ചെയ്യാന്‍ താത്പര്യമുണ്ടെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടിയും ഹോളിവുഡിലെ ഇന്ത്യന്‍ സാന്നിദ്ധ്യവുമായ പ്രിയങ്ക ചോപ്ര.
“എന്നും ഒരു സ്ത്രീ ജെയിംസ് ബോണ്ടിന്റെ വേഷം ചെയ്യുന്നത് കാണാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍. അത് ഈ ജന്മം തന്നെ നടക്കണമെന്നാണ് എന്റെ ആഗ്രഹം. എനിക്ക് ആ വേഷം ചെയ്യാന്‍ ആഗ്രഹമുണ്ട്. അത് സാദ്ധ്യമാവുമോ എന്നറിയില്ല. എങ്കിലും ഒരു സ്ത്രീയെ ആ വേഷത്തില്‍ കാണണമെന്ന് ആഗ്രഹിക്കുന്നു.”പ്രിയങ്ക പറഞ്ഞു. ക്യാപ്റ്റന്‍ മാര്‍വലിലെ താരമായ ലഷാന ലിഞ്ച് ക്രെയ്ഗില്‍ നിന്ന് 007 സ്ഥാനം ഏറ്റെടുക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.