ജയന്‍ ചേര്‍ത്തല ഒരു നേര്‍ച്ചക്കോഴി, മോഹന്‍ലാലിനെ അയാള്‍ അപമാനിക്കുകയാണ്: സജി നന്ത്യാട്ട്

ജയന്‍ ചേര്‍ത്തല മറ്റ് പലരും ഇറക്കിവിടുന്ന നേര്‍ച്ചക്കോഴിയാണെന്ന് ഫിലിം ചെമ്പേഴ്‌സ് ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് സജി നന്ത്യാട്ട് പ്രതികരിച്ചത്. ‘അമ്മ’ സംഘടനയിലെ താരങ്ങള്‍ സൗജന്യമായി ഷോ നടത്തി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സഹായിച്ചു എന്ന ജയന്‍ ചേര്‍ത്തലയുടെ വാക്കുകള്‍ക്കെതിരെയാണ് സജി നന്ത്യാട്ട് രംഗത്തെത്തിയത്.

അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് സാമ്പത്തിക സഹായം നല്‍കിയിട്ടില്ല. ധൈര്യമുണ്ടെങ്കില്‍ ജയന്‍ ചേര്‍ത്തല അമ്മയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തു വിടണം. ജയന്‍ ചേര്‍ത്തല ഒരു കോളാമ്പി, മറ്റു പലരും ഇറക്കി വിടുന്ന വെറും നേര്‍ച്ചകോഴി മാത്രമാണ്. മോഹന്‍ലാലിനെയും ജയന്‍ ചേര്‍ത്തല അപമാനിക്കുകയാണ്.

ഗള്‍ഫിലെ താര ഷോയ്ക്ക് മോഹന്‍ലാല്‍ ഒരിക്കലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോട് ഫ്‌ളൈറ്റ് ടിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ല. നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ ഭാര്യയെയും മകളെയും ജയന്‍ അപമാനിച്ചു. ആരോപണങ്ങള്‍ക്ക് മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകും.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പിളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്, എന്നാല്‍ അത് ഫലം കാണില്ല എന്നാണ് സജി നന്ത്യാട്ട് പറയുന്നത്. അതേസമയം, നിര്‍മ്മാതാക്കളുടെ സംഘടന ജയന്‍ ചേര്‍ത്തല മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ താന്‍ സത്യം മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും മാറ്റി പറയേണ്ട കാര്യമില്ലെന്നും നടന്‍ പ്രതികരിച്ചു.