വളരെയധികം പ്രീ- റിലീസ് ഹൈപ്പോടെ വന്ന് ബോക്സ്ഓഫീസിൽ ദയനീയമായി പരാജയപ്പെട്ട സിനിമയായിരുന്നു മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും ചിത്രം ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോഴിതാ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനെതിരെ ആസൂത്രിതമായി ഡീഗ്രേഡിംഗ് നടന്നുവെന്ന് പറഞ്ഞിരിക്കുകയാണ് സിനിമയുടെ നിർമ്മാണപങ്കാളി കൂടിയായ സന്തോഷ് ടി കുരുവിള. സിനിമ ഇറങ്ങി മൂന്ന് ദിവസമെങ്കിലും കഴിഞ്ഞ് മാത്രമേ സിനിമ റിവ്യൂകൾ ചെയ്യാൻ പാടൊളളൂ എന്നും സന്തോഷ് ടി കുരുവിള പറഞ്ഞു.
“മരക്കാർ ഭയങ്കരമായ ഡീഗ്രേഡിംഗ് നേരിട്ട സിനിമയാണ്. ഞങ്ങൾ തന്നെ പല പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. കാഞ്ഞിരപ്പള്ളിയിൽ ഒരു വീട്ടിൽ റൂം സെറ്റ് ചെയ്ത് സിനിമയ്ക്കെതിരെ ചിലർ പ്രവർത്തിച്ചിരുന്നു. അവരെ നമ്മൾ പൊലീസിനെകൊണ്ട് റൈഡ് ചെയ്യിപ്പിച്ചു. ഒരു ഓഫീസ് റൂം സെറ്റ് ചെയ്തിട്ടാണ് ഇത് ചെയ്തത്. അവിടെ പോലീസുകാർക്കൊപ്പം ഞാൻ പോയിട്ടുണ്ട്.
സിനിമ ഇത്തരത്തിൽ തകർക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. ഇതുകൊണ്ട് ജീവിക്കുന്ന ഒത്തിരി ആൾക്കാരുണ്ട്. കാഴ്ചക്കാരായ വെറുതെ ഇരിക്കുന്നവർക്ക് എന്തും പറയാം. സിനിമയുടെ റിവ്യൂ പോലും ആദ്യത്തെ മൂന്ന് ദിവസം ഇടരുതെന്നാണ് എന്റെ അഭിപ്രായം. ഇപ്പോൾ എന്തു കാര്യവും നമ്മൾ ഗൂഗിളിൽ നോക്കിയാണ് തീരുമാനിക്കുന്നത്. ഏറ്റവും നല്ല ഹോട്ടൽ ഏതാണെന്ന് ഗൂഗിൾ നോക്കി റിവ്യൂ ചെയ്യും. ബുക്ക് മൈ ഷോയിൽ വരുന്ന റേറ്റിംഗ് എല്ലാം സിനിമയെ ബാധിക്കാറുണ്ട്.
കാശ് മുടക്കിയവന്റെ ബുദ്ധിമുട്ട് നമ്മൾ വിചാരിക്കുന്നതിന്റെ അപ്പുറത്താണ്. റിവ്യൂ കൊണ്ട് വിജയിക്കുന്ന ചിത്രങ്ങളുമുണ്ട്. പക്ഷേ ഒരു മൂന്ന് ദിവസമെങ്കിലും കാത്താൽ പണം മുടക്കിയവന് എന്തെങ്കിലും കിട്ടുന്നെങ്കിൽ കിട്ടട്ടെ”. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് കുരുവിള ഇങ്ങനെ അഭിപ്രായപ്പെട്ടത്.