മലയാള സിനിമകളുടെ കളക്ഷന്‍ കണക്കുകള്‍ പുറത്തുവിടുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. വളരെ രഹസ്യമായി സൂക്ഷിക്കേണ്ട കണക്കുകള്‍ പുറത്തുവിടാന്‍ ഇവരെ ആരാണ് ഏല്‍പ്പിച്ചതെന്ന് അറിയില്ല. ഈ മേഖലയെ കുറിച്ച് തെറ്റായ ധാരണകള്‍ പരത്തുകയും സ്വന്തം ഉടലിലേയ്ക്ക് തന്നെ മാലിന്യം ഇടുകയും ചെയ്യുന്ന ഈ പ്രവര്‍ത്തി അവസാനിപ്പിക്കേണ്ടതുണ്ട് എന്ന് നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സന്തോഷ് ടി കുരുവിളയുടെ കുറിപ്പ്:
‘വെയ് രാജാ വെയ് ‘
ഒന്നു വെച്ചാല്‍ രണ്ട്..രണ്ട് വെച്ചാല്‍ നാല്…നാല് വെച്ചാല്‍ പതിനാറ് ഇങ്ങനെയൊക്കെ കിട്ടണമെങ്കില്‍ നിങ്ങള്‍ മുച്ചീട്ടുകളിയ്‌ക്കോ മറ്റ് വല്ല ചൂതാട്ടങ്ങള്‍ക്കോ പോവണം. സിനിമാ നിര്‍മ്മാണത്തിനും ഇതര സിനിമാ അനുബന്ധ ബിസിനസുകള്‍ക്കും ഇറങ്ങി തിരിയ്ക്കരുത് എന്നാണ് സിനിമാ വ്യവസായത്തിലേയ്ക്ക് ഇറങ്ങിത്തിരിയ്ക്കാന്‍ വരുന്നവരോട് ഒന്നര ദശകത്തിലധികമായ് ഈ രംഗത്ത് നിക്ഷേപം നടത്തുന്ന ഒരു വ്യവസായി എന്ന നിലയില്‍ എനിയ്ക്ക് പറയുവാനുള്ളത്!
മലയാളത്തിലിറങ്ങുന്ന സിനിമകളുടെ മാസവലോകന റിപ്പോര്‍ട്ടുകള്‍ അതും വളരെ കോണ്‍ഫിഡന്‍ഷ്യല്‍ സ്വഭാവത്തിലുള്ള കണക്കുകള്‍ പുറത്തിട്ട് അലക്കാന്‍ ഇവരെയൊക്കെ ആര് എല്‍പ്പിച്ചു എന്നറിയില്ല. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒന്നാന്തരം….’ ഏഭ്യത്തരം ‘
സ്റ്റേറ്റ് അനുവദിച്ച് ഏല്‍പ്പിച്ചിട്ടുള്ള അല്ലെങ്കില്‍ കോണ്‍സ്റ്റിറ്റിയൂട്ട് ചെയ്തിട്ടുള്ള ഒരു ബോഡിയാണ് ഈ കണക്കുകള്‍ പുറത്ത് വിടുന്നത് എങ്കില്‍ അത് മനസ്സിലാക്കാം. ഈ മേഖലയെ കുറിച്ച് തെറ്റായ ധാരണകള്‍ പരത്തുകയും സ്വന്തം ഉടലിലേയ്ക്ക് തന്നെ മാലിന്യം ഇടുകയും ചെയ്യുന്ന ഈ കുത്സിത പ്രവര്‍ത്തി അടിയന്തിരമായ് ബന്ധപ്പെട്ടവര്‍ അവസാനിപ്പിയ്ക്കണം എന്നാണ് എനിയ്ക്ക് അഭ്യര്‍ഥിയ്ക്കാനുള്ളത്.
പൊതുജനങ്ങളോടായ് പറയുവാനുള്ളത് ഇത്രയുമേ ഉള്ളു, സിനിമാ വ്യവസായം വളരെയധികം ക്ഷമയോടെയും അവധാനതയോടെയും ചെയ്യേണ്ട ഒന്നാണ്. കേവലമായ ‘ ഹൈ റിട്ടേണ്‍സ് ‘ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് ‘മാത്രമല്ല സിനിമാ നിര്‍മാണത്തിന്റെ ആത്യന്തിക ലക്ഷ്യം , ഞാന്‍ തന്നെ ഈ കാലഘട്ടങ്ങളില്‍ നിര്‍മ്മിച്ചുള്ള ചില ചിത്രങ്ങള്‍ വന്‍ വിജയങ്ങള്‍ തന്നിട്ടുണ്ട്. ശരാശരി വിജയം, ബ്രേക്ക് ഈവന്‍ മാത്രമായവ, സാമ്പത്തിക നേട്ടം ഒട്ടും തരാത്തത്, നഷ്ടം ഉണ്ടാക്കിയത് അങ്ങിനെ മിക്‌സ്ഡ് ആണ് ഈ രംഗത്തെ പ്രോഫിറ്റ് പൊട്ടന്‍ഷ്യല്‍ !
വീണ്ടും പറയട്ടെ വിനോദ വ്യവസായത്തില്‍ ഇറക്കുന്ന നിക്ഷേപങ്ങള്‍ ‘ ഷോര്‍ട്ട് ടേം ഗോളോട് കൂടിയ ഒന്നല്ല അതിന് വളരെ വലിയ ‘ ലോങ്ങ് ടേം ഗോളുകള്‍ ഉണ്ട്, ഈ എന്റര്‍ന്റെയിന്‍മെന്‍സ് ഇന്‍ഡസ്ട്രി മനുഷ്യരാശി ഉള്ളിടത്തോളം കാലം ഇവിടെയുണ്ടാവും. വരുന്ന പ്രൊഡക്ടുകള്‍ക്കും കണ്ടന്റുകള്‍ക്കും സ്വഭാവത്തില്‍ വ്യത്യാസമുണ്ടാകും. പക്ഷെ അത് തുടരുക തന്നെ ചെയ്യും. നിങ്ങള്‍ക്ക് ഈ രംഗത്ത് ഒരു ബ്രാന്‍ഡ് ബില്‍ഡ് ചെയ്യണോ? ഈ വ്യവസായത്തെ ഗൗരവതരമായ് സമീപിക്കുക, മാറ്റങ്ങളെ ഉള്‍ക്കൊള്ളുക എന്നത് മാത്രമാണ്, ചുറ്റും കണ്ണോടിച്ചാല്‍ അല്ലെങ്കില്‍ ഒരോരുത്തരും ആസ്വദിയ്ക്കുന്ന ഷോപ്പിംഗ് അനുഭവങ്ങള്‍ അല്ലെങ്കില്‍ കണ്ടന്റുകളുടെ ഒരു സാഗരം നമ്മുടെ മുന്‍പിലുണ്ടായത് പുതിയ നിക്ഷേപം കൊണ്ടും ആശയങ്ങള്‍ കൊണ്ടുമാണ്.
അവിടെയാണ് ‘ മാമനും മരുമോനും’ കൂടി ഈരിഴ തോര്‍ത്തില്‍ പരല്‍മീനെ പിടിയ്ക്കുന്ന കളികളുമായ് നടക്കുന്നത്. അല്ലെങ്കില്‍ അതാണ് ഇന്നത്തെ ‘കളി’ എന്ന് പറയുന്നത്. അത്രമേല്‍ അബദ്ധജഢിലമായ വരട്ടു തത്വവാദ പ്രക്രിയയാണ് ഈ ‘കണക്ക് പുറത്തു വിടല്‍ പണി ‘.
ഇത് പണിയാണ്..ഞാനും അപ്പനും ചേര്‍ന്നുള്ള ‘ ട്രസ്റ്റ്’ മാത്രം ഇവിടെ മതി എന്നുള്ള റിഗ്രസ്സീവായ ഒരു തോട്ടാണ് ഇത്. ഈ രംഗത്തേക്കെത്തുന്ന വിഷനുള്ള സംരംഭകരെ തെറ്റിദ്ധരിപ്പിയ്ക്കുക എന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യം. പരിണിത ഫലമോ ഈ രംഗത്തെ സ്വപ്നം കണ്ട് ആശ്രയിച്ച് നില്‍ക്കുന്ന ഒരു വലിയ വിഭാഗം യുവ ജനതയെ തൊഴിലാളികളെ മുച്ചൂടും നശിപ്പിക്കുക എന്നതാണ്.
ഈ കണക്കു കലാപരികള്‍ക്കെതിരേ ആദ്യം രംഗത്ത് എത്തേണ്ടത് ഈ സംസ്ഥാനത്തെ യുവജന സംഘടനകള്‍ തന്നെയാണ്. പിന്നീട് തൊഴിലാളി സംഘടനകളും സര്‍ക്കാരുമൊക്കെയാണ്.
വെടക്കാക്കി തനിയ്ക്കാക്കുന്ന ഇത്തരം പരിപാടിയൊക്കെ അവസാനിപ്പിച്ചില്ലെങ്കില്‍ സിനിമാ നിര്‍മ്മാണം നിലയ്ക്കുക തന്നെ ചെയ്യും. ഒരു കാര്യം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവും എല്ലാ കച്ചവടവും ലാഭ നഷ്ടങ്ങള്‍ക്ക് വിധേയമാണ്. അത് മുറുക്കാന്‍ കട നടത്തിയാലും തട്ടുകട നടത്തിയാലും വന്‍കിട വ്യവസായങ്ങള്‍ നടത്തിയാലും ഉണ്ടാവും. സംരംഭകത്വം ഒരു വൈദഗ്ധ്യം ആണ്. എല്ലാവര്‍ക്കും അത് സാധ്യവുമല്ല.
Read more
കേവലമായ ലാഭത്തിന്റെ ഭാഷ മാത്രമല്ല അത്. അതൊരു പാഷനാണ്. മിടുക്കുള്ളവര്‍ ഈ രംഗത്ത് അതിജീവിയ്ക്കും. ചിലര്‍ വിജയിച്ചു നില്‍ക്കുമ്പോള്‍ തന്നെ രംഗം വിടും. അതൊക്കെ ഒരോ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും ‘ വിഷന്‍ ‘ അനുസരിച്ചാവും. ഈ മേഖല അവിടേയ്ക്ക് എത്തുന്ന നിക്ഷേപങ്ങള്‍ അവസരങ്ങളുടെ വലിയ സാധ്യത തുറന്നിടുന്നുണ്ട് , അത് അറിയാതെ പോവരുത്. പാമ്പുകള്‍ പടം പൊഴിയ്ക്കുമ്പോള്‍ പാമ്പുകള്‍ കരഞ്ഞുകൊള്ളും. പാമ്പാട്ടികള്‍ കരയേണ്ടതില്ല. മാറ്റമില്ലാത്തത് എന്തിനാണ് ?