പുലിമുരുകന്റെ റിലീസ് ദിനം സിനിമയായോലോ? ഈ സിനിമ പറയുന്നത് മോഹന്‍ലാല്‍ ആരാധകന്റെ കഥ

അനു ചന്ദ്ര

മലയാളികളുടെ മോഹന്‍ലാല്‍ ആരാധനയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് സുവര്‍ണ്ണപുരുഷന്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമയുടെ രചനയും സംവിധാനവും ചെയ്തത് നവാഗതനായ സുനില്‍ പൂവേലിയാണ്. നടനും രാഷ്ട്രീയക്കാരനുമായ ഇന്നസെന്റാണ് ഈ ചിത്രത്തില്‍ കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ ആയി അഭിനയിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങളുമായി സംവിധായകന്‍ സുനില്‍ പൂവേലിയുമായി അനു ചന്ദ്ര നടത്തിയ അഭിമുഖം.

സുവര്‍ണ്ണ പുരുഷന്റെ കഥാതന്തു?

മോഹന്‍ലാല്‍ എന്ന താരത്തെ കേരളത്തിലെ ഒരു ദേശത്തെ ആളുകള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന വിശകലനമാണ് ഈ സിനിമ. അതായത് ഇരിങ്ങാലക്കുട ദേശത്ത് ഒരു ചെറിയ സാങ്കല്‍പ്പിക സിനിമാ തീയേറ്റര്‍ ഉണ്ട്, മേരിമാതാ എന്നാണ് പേര്. ആ തീയറ്ററില്‍ പുലിമുരുകന്‍ റിലീസ് ചെയ്യുന്നതിന് തലേന്നും അന്നുമുള്ള സംഭവവികാസങ്ങളാണ് കഥ. പുലിമുരുകന്റെ ആദ്യത്തെ ഷോയോടെ സിനിമ കഴിയും.

ശരിക്കും പറഞ്ഞുകഴിഞ്ഞാല്‍ കേന്ദ്രകഥാപാത്രം എന്നു പറയുന്നത് റപ്പായിയേട്ടന്‍ എന്നൊരു തീയേറ്റര്‍ ഓപ്പറേറ്ററാണ്. അയാളുടെ പ്രധാന പണി എന്ന് പറയുന്നത് ആളുകളെ സിനിമ കാണിക്കുക എന്നതാണ്. റപ്പായിയുടെ തിയേറ്ററിലാണ് ഒരുവിധം എല്ലാ മോഹന്‍ലാല്‍ ചിത്രങ്ങളും ആ ഗ്രാമത്തില്‍ വരുന്നത്. ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും മോഹന്‍ലാല്‍ ആരാധകരുമാണ്. പക്ഷെ മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലി മുരുകന്റെ റിലീസ് ദിവസം റപ്പായിക്ക് അവിടം വിടേണ്ടി വരുന്നു. പിന്നീട് റപ്പായിയുടെയും ആ നാട്ടുകാരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രം നമ്മുക്ക് മുന്നില്‍ വരച്ചു കാണിക്കുന്നത്.

റപ്പായി, പുലിമുരുകന്‍ ,മോഹന്‍ലാല്‍- ഇതെല്ലാം തമ്മില്‍ എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു?

റപ്പായിയോട് പുലിമുരുകന്‍ എന്ന സിനിമ ബന്ധപ്പെട്ടുകിടക്കുന്നത് മുരുകന്‍ എന്ന പേരിലൂടെയാണ്. കാരണം അയാള്‍ ഇരിങ്ങാലക്കുടയിലെ ഏറ്റവും പിന്നോക്കമുള്ള ദളിത് പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന ആളാണ്. അയാളുടെ പേര് മുരുകന്‍ എന്നായിരുന്നു. പിന്നീട് അയാളുടെ കുടുംബം ക്രിസ്തുമതം സ്വീകരിച്ചു. എന്നിട്ടും അയാളുടെ ജാതിസ്വത്വം പോയിട്ടുണ്ടായിരുന്നില്ല. പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു വന്നു. അങ്ങനെ അയാള്‍ സഖാവ് റപ്പായി ആയി. അപ്പോഴും അയാളുടെ ജാതി എന്ന് സ്വത്വം അങ്ങനെ പോകാതെ നിന്നു. പിന്നെ അയാള്‍ സിനിമയുമായി ബന്ധപ്പെടുന്നു. സിനിമ കാണുക, സിനിമ കണ്ട് കരയുക അങ്ങനെയൊക്കെയുള്ള ഒരാള്‍ തുടര്‍ന്ന് സിനിമ കാണിക്കുന്ന രീതിയിലേക്കു വന്നു. യഥാര്‍ത്ഥത്തില്‍ സിനിമ അയാള്‍ക്ക് ഒരു മതം പോലെയായിരുന്നു.

അയാള്‍ സിനിമ കണ്ട് ഭാഷകള്‍ പഠിച്ചു. അയാള്‍ക്ക് ഇതുവരെയും കുടുംബജീവിതം ഉണ്ടായിട്ടില്ല. സ്ത്രീയെ അറിഞ്ഞിട്ടില്ല. തിയേറ്ററിനകത്തെ വേഴ്ച്ചകള്‍ മാത്രം കണ്ട്, അയാളുടെ കാമം എന്ന് പറഞ്ഞാല്‍ സിനിമ കണ്ടിട്ടുള്ള കാമം തീര്‍ക്കല്‍ മാത്രമായി മാറി. അങ്ങനെയുള്ള ഈ റപ്പായിയെ കേന്ദ്രീകരിച്ചാണ് ഈ സിനിമ. മോഹന്‍ലാല്‍ എന്ന പുരുഷബിംബവും ഈ റപ്പായിയേട്ടനും ആണ് കേന്ദ്രസ്ഥാനത്ത്. പിന്നെ ആ ദേശത്തെ മോഹന്‍ലാല്‍ ആരാധകരും. മലയാളികള്‍ മോഹന്‍ലാലിനെ കാണുന്നത് ഒരു താരം ആയിട്ടും ഒരു മികച്ച അഭിനേതാവുമായിട്ടാണ്. റപ്പായിയേട്ടന്‍ ഒരു മോഹന്‍ലാല്‍ ആരാധകനല്ല പക്ഷേ മോഹന്‍ലാലിനെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്. ഇങ്ങനെയൊക്കെയുള്ള ഒരു കഥയാണിത്. ഒരു സോഷ്യല്‍ ഡോക്യൂമെന്റേഷന്‍ പോലെയാണ് നമ്മളീ സിനിമ ചെയ്തിട്ടുള്ളത്.

മോഹന്‍ലാല്‍ ആരാധനയെ അടിസ്ഥാനപ്പെടുത്തി സിനിമയെടുക്കാനുള്ള പ്രചോദനം?

കഴിഞ്ഞ 20 വര്‍ഷത്തിനിടെയാണ് കേരളത്തില്‍ താരാരാധന എന്നുപറയുന്നത് പ്രബലമായി വന്നത്. കേരളത്തിലിരുന്നു നമ്മള്‍ ഒക്കെ കളിയാക്കിയിട്ടുണ്ട് തമിഴ്‌നാട്ടിലാണ് താരാരാധനയെ അത്യധികം വികാരാധീതമായി നോക്കിക്കാണുന്നത് എന്നൊക്കെ. ഞാനിവിടെ ചോദിക്കുന്നത് അങ്ങനെയൊക്കെ പറയുന്ന നമുക്കിടയില്‍ എന്ത് കൊണ്ട് മോഹന്‍ലാല്‍ എന്ന ഒരു പ്രതിഭ താരാരാധനയുടെ ബിംബമായി എന്നതാണ്. എനിക്ക് തോന്നുന്നു വളരെ സിംപിള്‍ ആയി സരളമായി കാഴ്ചക്കാരുമായി കമ്മ്യൂണിക്കേറ്റ് ചെയാന്‍ അദ്ദേഹത്തിന് പറ്റുന്നുണ്ട് എന്നതാണ്. അതുകൊണ്ടു തന്നെ പ്രചോദിപ്പിച്ച ഘടകം എന്നത് കേരള ജനങ്ങളുടെ അദ്ദേഹത്തോടുള്ള പ്രബലമായ താരാരാധനയാണ്.

മോഹന്‍ലാല്‍ ഈ സിനിമയെ പറ്റി അറിഞ്ഞോ/ഏതെങ്കിലും തരത്തില്‍ ഉള്ള പങ്ക് അദ്ദേഹത്തിന് ഉണ്ടോ സിനിമയില്‍/നിങ്ങള്‍ തമ്മില്‍ ബന്ധപെട്ടിരുന്നോ?

നമ്മുടെ ഇന്നസെന്റ് ചേട്ടനാണ് റപ്പായിയായി അഭിനയിക്കുന്നത്. ഇന്നസെന്റ് ചേട്ടന്‍ പറഞ്ഞിട്ടൊക്കെ മോഹന്‍ലാല്‍ അറിഞ്ഞിട്ടുണ്ട് എന്നാണ് ഞാന്‍ പറഞ്ഞു കേട്ടത്. പക്ഷേ അദ്ദേഹത്തിനെ തീര്‍ച്ചയായും രസിപ്പിക്കുന്ന ഒരു സംഗതി ആണ് ഇത്. മോഹന്‍ലാലെന്ന പ്രതിഭയെ പറ്റി പ്രതിപാദിക്കുകയാണല്ലോ ചെയുന്നത്. അല്ലാതെ മോഹന്‍ലാല്‍ എന്ന നടനെ വിമര്‍ശിക്കുകയല്ല ചെയുന്നത്.

സിനിമയുടെ പോസ്റ്റര്‍ നിലനിര്‍ത്തുന്ന പ്രത്യേകത അതിന്റെ ക്യാപ്ഷനില്‍ ആണ്.”ഒരു ദേശം, ഒരു താരം”.അതിനെ കുറിച്ച്?

യഥാര്‍ത്ഥത്തില്‍ നമുക്ക് അന്നം കിട്ടുന്നത് ഏതാണോ അതാണ് നമ്മുടെ ദേശം. ഇവിടെ ഇപ്പൊള്‍ ഇരിങ്ങാലക്കുടയില്‍ ബംഗാളികള്‍ ഉണ്ട്, തമിഴന്മാരുണ്ട് അങ്ങനെ പുറത്ത്‌നിന്ന് വന്നു ചേര്‍ന്ന ആളുകള്‍ എല്ലാമുണ്ട്. അങ്ങനെ അവരുടെ എല്ലാം അന്നം നല്‍കുന്ന ആ ദേശമായ ഇരിങ്ങാലക്കുട അവിടെ ജനിച്ചു വളര്‍ന്നവരുടെ മാത്രം ദേശമല്ല. ഇതെല്ലാം കൊണ്ട് തന്നെ ഇവരെല്ലാം ഇതിലെ കഥാപാത്രങ്ങള്‍ ആണ്. ആ ദേശത്തെ ജനങ്ങളുടെ മനസില്‍ കുടിയേറ്റിവെച്ച ഒരു താരത്തെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്.

പ്രധാന കഥാപാത്രമായ റപ്പായി വാര്‍ദ്ധക്യം കടന്നവനാണ്. യുവത്വത്തെ പ്രതിനിധീകരിക്കുന്നവനല്ല. അത്തരമൊരു തിരഞ്ഞെടുപ്പിന് പുറകിലെ കാരണം?

തീയേറ്ററുകള്‍ക്കകത്തെ ഇരുളില്‍ നമ്മള്‍ സ്വയം സൃഷ്ട്ടിക്കുന്ന ഒരു ഏകാന്തതയിലേക്കാണ് നമ്മുടെ കണ്‍മുന്‍പിലേക്ക് വരുന്ന ഇമേജസുമായി താദാത്മ്യം പ്രാപിക്കുകയും അങ്ങനെ നമ്മള്‍ കരയുകയും പൊട്ടി ചിരിക്കുകയുമൊക്കെ ചെയുന്നു. ഇത് വാസ്തവത്തില്‍ ഒരു താദാത്മ്യം പ്രാപിക്കലാണ്. ഇതാണ് ശരിക്കും എന്റെ വിഷയം. തിയേറ്റര്‍ എന്നത് ജാതി മതം മുതലായ സകലതിനെയും നിരാകരിച്ചു കൊണ്ട് വിവിധതരം ആളുകള്‍ ഒത്തുകൂടുന്ന ഒരു ഇടമാണ്. അതിന്റ ഭാഗമായി വരുമ്പോള്‍ കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ചരിത്രം കൂടി പറയണം റപ്പായിലൂടെ. അയാള്‍ എഴുപത് കടന്ന മനുഷ്യനാണ്.

ഒരിക്കല്‍ ദളിതനായിരുന്ന, പിന്നീട് ക്രിസ്തുമതം സ്വീകരിച്ച ശേഷം കമ്മ്യൂണിസ്റ്റ് മതവും എല്ലാത്തിനുമൊടുവില്‍ സിനിമയെ തന്നെ ഒരു മതമായി സ്വീകരിച്ച അയാള്‍ക്ക് പറയാന്‍ ഒരു ചരിത്രമുണ്ട്. ഇതൊരിക്കലും ഒരു ചെറുപ്പക്കാരനിലൂടെ പറഞ്ഞു തീര്‍ക്കുക എന്നത് സാധ്യമല്ല. അല്ലെങ്കില്‍ പിന്നെ തിയേറ്റര്‍ ഓപ്പറേറ്റര്‍ ആയി നമുക്ക് ഒരു ചെറുപ്പക്കാരനെ എടുക്കാവുന്നതെ ഉണ്ടായിരുന്നുള്ളൂ.

സംവിധായകന്‍ സുനില്‍ പൂവേലി

സിനിമയിലെ മറ്റു അഭിനേതാക്കള്‍?

ശ്രീജിത്ത് രവി, സുനില്‍ സുഗത, മനു, കലാഭവന്‍ ജോഷി, കലിംഗ ശശി, ബിജുക്കുട്ടന്‍, കോട്ടയം പ്രദീപ്, സതീശ് മേനോന്‍, യഹിയ കാദര്‍, ബിജു കൊടുങ്ങല്ലൂര്‍, രാജേഷ് തംബുരു, ജയേഷ്, ഇടവേള ബാബു, അഞ്ജലി, കൊളപ്പുള്ളി ലീല, ലെന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ട്രാന്‍സ്‌ജെണ്ടര്‍ ആക്ടിവിസ്റ്റുകളായ അഞ്ജലി അമീര്‍, ദീപ്തി കല്യാണി എന്നിവര്‍ ഇതില്‍ അഭിനയിക്കുന്നുണ്ട്. ഒരു ദേശത്തിന്റെ കഥയാണ് പറയുന്നത്.

അത് കൊണ്ട് തന്നെ ട്രാന്‍സ്‌ജെണ്ടറും ഈ സമൂഹത്തിന്റെ ഭാഗമാകുമ്പോള്‍ അവരെ തീര്‍ച്ചയായും ഒഴിവാക്കാന്‍ പറ്റില്ല. ജെഎല്‍ ഫിലിംസിന്റെ ബാനറില്‍, ലിറ്റി ജോര്‍ജ്ജും ജീസ് ലാസറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീതു എസ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിര്‍വഹിക്കുന്നത് വിഷ്ണു വേണുഗോപാലാണ്. ഏറ്റവും വലിയ സന്തോഷം എന്താണ് എന്നാല്‍ ഇരിങ്ങാലക്കുടയിലെ മോഹന്‍ലാല്‍ ഫാന്‍സിന്റെ പൂര്‍ണ്ണ സഹകരണം തുടക്കം മുതല്‍ അവസാനം വരെ ഈ ചിത്രം പൂര്‍ത്തീകരിക്കുന്നതിനായി ലഭിച്ചു എന്നതാണ്. ചിത്രത്തിന്റെ റീലീസ് ജനുവരിയിലാണ്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍