പുനീത് രാജ്കുമാര്‍ വിട പറഞ്ഞിട്ട് രണ്ട് വര്‍ഷമായെങ്കിലും തങ്ങള്‍ക്ക് മരണം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്ന് നടനും സഹോദരുമായ ശിവ രാജ്കുമാര്‍. അവനെ മിസ് ചെയ്യുന്നുവെന്ന് പറയാനല്ല, അവനെ ആഘോഷിക്കാനാണ് തനിക്ക് താല്‍പര്യം എന്നാണ് ശിവ രാജ്കുമാര്‍ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
”എല്ലാവരും പറയുന്നു അപ്പു ജീവിച്ചിരിപ്പില്ലെന്ന്. അതിനര്‍ഥം അവന്‍ ഞങ്ങളെ പൂര്‍ണമായി വിട്ടുപോയി എന്നല്ല. എനിക്ക് അവനെ അത്ര പെട്ടന്ന് വിട്ടുകളയാന്‍ സാധിക്കില്ല. പുനീതിന്റെ നല്ല ഓര്‍മകള്‍ എല്ലായ്പ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. അവനെ മിസ് ചെയ്യുന്നുവെന്ന് പറയാനല്ല, അവനെ ആഘോഷിക്കാനാണ് എനിക്ക് താല്‍പര്യം.”
”ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഇളയവനായിരുന്നു പുനീത്. അവന്റെ മരണവുമായി പൊരുത്തപ്പെടാന്‍ കുടുംബത്തിന് ഏറെ സമയമെടുക്കേണ്ടി വന്നു. എന്നെക്കോള്‍ പതിമൂന്ന് വയസിന് താഴെയാണ് അവന്‍. ചില സമയങ്ങളില്‍ അവന്റെ വിയോഗം വല്ലാതെ വേദനിപ്പിക്കു.”
”സമാധിദിനത്തില്‍ പുനീതിന് വേണ്ടി പ്രത്യേക പൂജയൊന്നും കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരിക്കലും അവനെ മറക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവന്‍ എവിടേയ്ക്കോ ദീര്‍ഘമായ വിനോദയാത്രയ്ക്ക് പോയിരിക്കുകയാണ് ഒരിക്കല്‍ മടങ്ങിവരുമെന്ന് കരുതാനാണ് ഇഷ്ടം” എന്നാണ് ശിവ രാജ്കുമാര്‍ പറയുന്നത്.
Read more
അതേസമയം, 2021 ഒക്ടോബര്‍ 29ന് ജിമ്മില്‍ വ്യായാമം ചെയ്തുകൊണ്ടിരിക്കെ പുനീത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ‘അപ്പു’ എന്ന ചിത്രത്തിലാണ് പുനീത് നായകനായി അരങ്ങേറ്റം കുറിച്ചത്. ‘ബെട്ടാഡ ഹൂവു’ എന്ന ചിത്രത്തിലെ പ്രകടനത്തിന് പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.