മറിമായം എന്ന പ്രോഗ്രാമിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് രചന നാരായണൻകുട്ടി. പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ആമേൻ’ എന്ന ചിത്രത്തിൽ ഒരു മികച്ച വേഷത്തിലൂടെ സിനിമയിൽ സജീവമാവാൻ തുടങ്ങിയ രചന മികച്ച നർത്തകി കൂടിയാണ്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ട്’ എന്ന ചിത്രത്തിലും രചന ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു.
ഇപ്പോഴിതാ ആറാട്ട് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് രചന നാരായണൻകുട്ടി. സിനിമാ ജീവിതം തുടങ്ങി പന്ത്രണ്ട് വർഷത്തിന് ശേഷമാണ് താൻ മോഹൻലാലിനൊപ്പം അഭിനയിക്കുന്നത് എന്നാണ് രചന പറയുന്നത്, തിയേറ്ററുകളിൽ വിജയമായില്ലെങ്കിലും, സിനിമ ഒടിടി ഇറങ്ങിയ ശേഷം കുറേ ആളുകൾ തന്നെ വിളിച്ച് സിനിമയെ കുറിച്ച് സംസാരിച്ചെന്നും, വന്ദനം പോലെയോ ലിജോ ജോസ് പെല്ലിശ്ശേരി സിനിമകൾ പോലെയോ കുറേ കാലത്തിന് ശേഷം ആറാട്ടും ആളുകൾ അംഗീകരിക്കുമെന്നും രചന പറയുന്നു.
“സിനിമയിൽ അഭിനയിച്ച് തുടങ്ങി 12 വർഷത്തിനുശേഷമാണ് മോഹൻലാൽ സാറിനൊപ്പം അഭിനയിക്കുന്നത്. പക്ഷെ അതിന് മുമ്പ് അമ്മ അടക്കമുള്ള സംഘടനയ്ക്കും മറ്റും വേണ്ടി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നമ്മുടെയൊക്കെ ചൈൽഡ് ഹുഡ് ഹീറോയല്ലേ അദ്ദേഹം. ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ബഹുമാനിക്കുന്ന വ്യക്തിയാണ് ലാലേട്ടൻ.
അദ്ദേഹത്തോളം മനുഷ്യമനസാക്ഷിയെ മനസിലാക്കിയ വ്യക്തിയുണ്ടോയെന്ന് സംശയമാണ്. ആറാട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ട് കൊള്ളണമെന്നില്ല. എന്നാൽ ഞാൻ വളരെ അധികം എഞ്ചോയ് ചെയ്ത സിനിമയാണ്. പ്രേക്ഷക എന്ന നിലയിലും എനിക്ക് കാണാൻ വളരെ അധികം ഇഷ്ടപ്പെട്ട ഒരു മോഹൻലാൽ മൂവിയാണ് ആറാട്ട്.
സിനിമ ഒടിടിയിൽ ഇറങ്ങിയശേഷം ഒരുപാട് പേർ വിളിച്ച് തിയേറ്ററിൽ കാണാൻ പറ്റാതെ പോയതിനെ കുറിച്ച് സംസാരിച്ചിരുന്നു. തങ്ങൾക്ക് ഇഷ്ടപ്പെട്ട സിനിമയാണ് ആറാട്ടെന്ന് ഒരുപാട് പേർ എന്നോട് വന്ന് പറയാറുണ്ട്. അതൊരു മോഹൻലാൽ മൂവിയായി കണ്ടാൽ മതി.
പിന്നെ എനിക്ക് തോന്നിയ ഒരു കാര്യം മാർക്കറ്റിങ് ചെയ്തപ്പോൾ തന്നെ അതൊരു സ്പൂഫാണെന്ന് പറയണമായിരുന്നു. സ്പൂഫ് എന്ന കാറ്റഗറി മലയാളിക്ക് അത്ര പരിചിതമല്ലല്ലോ. സിനിമ ഒരു ഭാഗ്യമാണ്. വന്ദനത്തിന്റെ കാര്യം തന്നെ നോക്കൂ. ആ സിനിമ തിയേറ്ററിൽ ഓടിയിട്ടില്ലല്ലോ.
പക്ഷെ നമുക്ക് എല്ലാവർക്കും ഇന്ന് ഇഷ്ടമുള്ള സിനിമയല്ലേ. മലയാളികൾക്ക് ട്രാജഡിയോട് പൊതുവെ താൽപര്യമില്ലെന്നതിന്റെ ഉദാഹരണമാണ് വന്ദനം. ലിജോ ചേട്ടന്റെ പല സിനിമകളും ഇറങ്ങുമ്പോൾ ശ്രദ്ധിക്കപ്പെടാറില്ലല്ലോ. പക്ഷെ പിന്നീട് അത് ചർച്ചയാകും.” എന്നാണ് ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ രചന നാരായണൻകുട്ടി പറഞ്ഞത്.