തന്റെ ചാരിറ്റിബിള്‍ ട്രസ്റ്റിലേക്ക് ഇനി പണം അയക്കരുത് എന്ന് അഭ്യര്‍ത്ഥിച്ച് നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. നിരവധി പേര്‍ക്ക് കൈത്താങ്ങാവുന്ന ചാരിറ്റിബിള്‍ ട്രസ്റ്റ് ആണ് രാഘവ നടത്തുന്നത്. ഡാന്‍സ് മാസ്റ്റര്‍ ആയിരുന്നപ്പോഴാണ് രാഘവ ട്രസ്റ്റ് ആരംഭിച്ചത്. അന്ന് പണം ആവശ്യമായിരുന്നു, എന്നാല്‍ ഇന്ന് വേണ്ട എന്നാണ് നടന്‍ പറയുന്നത്.
രാഘവ ലോറന്‍സിന്റെ വാക്കുകള്‍:
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാനൊരു ട്വീറ്റ് ചെയ്തിരുന്നു. എന്റെ ട്രസ്റ്റിലേക്ക് ആരും പണം അയക്കരുതെന്നും എന്റെ കുട്ടികളെ ഞാന്‍ നോക്കിക്കോളാം എന്നുമായിരുന്നു ട്വീറ്റ്. ഞാന്‍ ഡാന്‍സ് മാസ്റ്റര്‍ ആയിരുന്നപ്പോഴാണ് ട്രസ്റ്റ് തുടങ്ങുന്നത്. അറുപത് കുട്ടികളെ കണ്ടെത്തി വീട്ടില്‍ വളര്‍ത്തി. ഭിന്നശേഷിക്കാരായിട്ടുള്ളവര്‍ക്ക് ഡാന്‍സ് പഠിപ്പിച്ചു. പറ്റുന്ന രീതിയില്‍ ഹൃദയ ശസ്ത്രക്രിയകള്‍ക്ക് സഹായിച്ചു. ഇതെല്ലാം ഡാന്‍സ് മാസ്റ്റര്‍ ആയിരുന്നപ്പോള്‍ ചെയ്തതാണ്.
ആ സമയത്ത് എനിക്ക് പറ്റാവുന്നതിലും അധികം അയപ്പോഴാണ് മറ്റുള്ളവരോട് സഹായം അഭ്യര്‍ത്ഥിച്ചത്. ഇപ്പോള്‍ ഞാന്‍ ഹീറോ ആയി. മുമ്പ് രണ്ട് വര്‍ഷത്തില്‍ ഒരു പടം മാത്രമായിരുന്നു ചെയ്തിരുന്നത്. ഇപ്പോഴത് ഒരു വര്‍ഷത്തില്‍ മൂന്ന് പടമായി. നല്ല പണം ലഭിക്കുന്നുമുണ്ട്. എനിക്ക് പണം ലഭിക്കുന്നുണ്ട്. പിന്നെ എന്തിനാണ് മറ്റുള്ളവരില്‍ നിന്നും വാങ്ങിക്കുന്നതെന്ന ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു. നിങ്ങളുടെ പണം വേണ്ട എന്ന് അഹങ്കാരത്തോടെ ഞാന്‍ പറയുന്നതല്ല.
എനിക്ക് ഇതുവരെയും തന്ന പണം നിങ്ങളുടെ വീടിന് ചുറ്റുമുള്ള കഷ്ടപ്പെടുന്ന ട്രസ്റ്റുകള്‍ നിരവധി ഉണ്ടാകും. അവരെ സഹായിക്കൂ. അവര്‍ക്കത് വളരെ ഉപകാരമായിരിക്കും. അവരിലേക്ക് സംഭാവനകള്‍ അങ്ങനെ വരാറില്ല. ഞാന്‍ എത്ര പറഞ്ഞാലും എന്നെ സഹായിക്കാനായി ഒത്തിരിപേര്‍ എത്താറുണ്ട്. അതില്‍ ഒത്തിരി സന്തോഷം. കഷ്ടപ്പെടുന്നവരെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരാം. അവരെ സഹായിക്കൂ. അത് നിങ്ങളില്‍ സന്തോഷം കൊണ്ടുവരും.