എന്നെ സൈക്കിളിന് പിറകിലിരുത്തി താമസസ്ഥലത്തേക്ക് കൊണ്ടുപോയ നായകന്‍..; ചര്‍ച്ചയായി രഘുനാഥ് പലേരിയുടെ കുറിപ്പ്

തിരക്കഥാകൃത്തായും സംവിധായകനായും ഒരുപാട് ഹിറ്റുകള്‍ രഘുനാഥ് പലേരി മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ‘സ്ഫടികം’ സിനിമയുടെ റീ റിലീസിനോട് അനുബന്ധിച്ച് രഘുനാഥ് പലേരി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഓര്‍മ്മകള്‍ അറ്റ് മോസില്‍ ഹെഡ്‌ഫോണ്‍ വെച്ച് കണ്ണടച്ച് ആസ്വദിക്കണം എന്നാണ് രഘുനാഥ് പലേരി പറയുന്നത്.

‘ചിത്രം’, ‘കന്മദം’ സിനിമകളില്‍ കണ്ട, തന്റെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം തന്നെ സൈക്കിളിന് പിറകില്‍ ഇരുത്തി ലൊക്കേഷനില്‍ നിന്നും താമസസ്ഥലത്തേക്ക് കൊണ്ടു പോയ, വീണ്ടും സ്ഫടികത്തിലൂടെ വരുന്ന നായകനെ കാണണം എന്നാണ് രഘുനാഥ് പലേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

രഘുനാഥ് പലേരിയുടെ കുറിപ്പ്:

ഇന്നലെ രോമാഞ്ചം കണ്ടു. ഇന്ന് കുറച്ചു കഴിഞ്ഞ് ക്രിസ്റ്റഫര്‍ കാണും. നാളെ വീണ്ടും സ്ഫടികം കാണും. മറ്റന്നാള്‍ ഇരട്ട കാണും. അടുത്ത ദിവസം ഞായറാഴ്ച ഒരു യാത്രയുണ്ട് കണ്ണൂരേക്ക് അന്ന് സിനിമാ പ്രാന്തിന് അവധി കൊടുക്കും. പിറ്റേന്ന് തിങ്കളാഴ്ച്ച മിസ്സായിപ്പോയ വെടിക്കെട്ട് കാണും. ചൊവ്വാഴ്ച്ച തങ്കം കാണും. ബുധനാഴ്ച്ച ഏതാ കാണേണ്ടത്…?

ഒന്നു പറ………………….. ചിത്രത്തില്‍, കന്മദത്തില്‍ കണ്ട., എന്റെ ആദ്യ സിനിമകളില്‍ ഒന്നായ നസീമയുടെ ഷൂട്ടിംഗ് കഴിഞ്ഞൊരു ദിവസം എന്നെ സൈക്കിളിന്നു പിറകില്‍ ഇരുത്തി ലൊക്കേഷനില്‍ നിന്നും താമസസ്ഥലത്തേക്ക് കൊണ്ടു പോയ, വീണ്ടും സ്ഫടികത്തിലൂടെ വരുന്ന നായകന്‍. ഓര്‍മ്മകള്‍ അറ്റ് മോസില്‍ ഹെഡ്‌ഫോണ്‍ വെച്ച് കണ്ണടച്ച് ആസ്വദിക്കണം. എന്താ രസം മോനേ.

Read more