‘ന്നാ താന്‍ കേസ് കൊട്’ ചിത്രം ഇറങ്ങിയതിന് പിന്നാലെ ഏറെ ശ്രദ്ധ നേടിയ താരമാണ് രാജേഷ് മാധവന്‍. സിനിമയിലെത്താന്‍ വേണ്ടി താന്‍ അഭിനയം മുതല്‍ ഭരതനാട്യം വരെ പഠിച്ചിട്ടുണ്ട് എന്നാണ് രാജേഷ് പറയുന്നത്. തനിക്ക് ജോലിയൊന്നും ശരിയായില്ലേ എന്ന നാട്ടുകാരുടെ ചോദ്യത്തിന് മുന്നില്‍ അച്ഛന്‍ കുഴങ്ങിയിട്ടുണ്ട് എന്നാണ് രാജേഷ് ഇപ്പോള്‍ പറയുന്നത്.
ചെറുപ്പത്തില്‍ തന്നെ നാടകത്തില്‍ അഭിനയിക്കുകമായിരുന്നു. സിനിമയിലെത്താന്‍ വേണ്ടി താന്‍ അഭിനയം മുതല്‍ ഭരതനാട്യം വരെ പഠിച്ചിട്ടുണ്ട്. ജേണലിസം പഠിക്കുന്ന കാലത്താണ് തിരക്കഥാകൃത്ത് രവിശങ്കറിനെ പരിചയപ്പെടുന്നത്. ആ കൂട്ടുകെട്ടാണ് പിന്നീട് വഴിത്തിരിവാകുന്നതും. ജേണലിസം കഴിഞ്ഞപ്പോള്‍ ഒരു ചാനലില്‍ പ്രൊഡ്യൂസറായി കയറി.
താന്‍ തിരുവനന്തപുരത്ത് ചാനലില്‍ എന്തോ ജോലി ചെയ്യുകയാണെന്നാണ് നാട്ടുകാരുടെ ധാരണ. ‘ടിവിയിലേക്ക് എന്ന് പറഞ്ഞിട്ട് ഓനെ അതിലൊന്നും കാണാനില്ലപ്പാ ജോലിയൊന്നും അങ്ങോട്ട് ശരിയായില്ല അല്ലേ’ എന്ന നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ അറിയാതെ അച്ഛന്‍ കുഴങ്ങിയിട്ടുണ്ട്.
ഒരു വിഷയത്തെ കുറിച്ച് കാര്യമായ അറിവോ വിവരമോ ഉള്ളവരാകും ജീവിതത്തിലെ വഴി കാട്ടികള്‍. പക്ഷെ അച്ഛന്‍ കെ. മാധവന്‍ എന്ന ഈ കൊച്ചു മനുഷ്യനേക്കാള്‍ വലിയൊരു വെളിച്ചം താന്‍ കണ്ടിട്ടില്ല. ‘ദേ ഇവനെ ഇങ്ങനെ വിടാനാണോ ഭാവമെന്ന് അമ്മ അച്ഛനോട് എത്ര വട്ടം ചോദിച്ചിട്ടുണ്ട്’. ഇതിനിടെ ദുബായിലേക്ക് പോന്നോളൂവെന്ന് പറഞ്ഞ് സുഹൃത്തും വിളിച്ചു.
പക്ഷെ അത് വേണ്ടി വന്നില്ല. ഉണ്ണിമായ പ്രസാദുമായുള്ള പരിചയമാണ് രാജേഷിനെ ശ്യാം പുഷ്‌കരനിലേക്കും ദിലീഷ് പോത്തനിലേക്കുമൊക്കെ എത്തിക്കുന്നത്. ഒരിക്കലൊരു ചര്‍ച്ചയ്ക്കിടെ പോത്തണ്ണാ നമുക്കിവനെ അഭിനയിപ്പിച്ചാലോ എന്ന് തിരക്കഥാകൃത്ത് ദിലീഷ് നായര്‍ ചോദിക്കുകയായിരുന്നു.
എഴുത്താണ് എന്റെ വഴി എന്ന് താന്‍ മറുപടി പറഞ്ഞെങ്കിലും ‘ഡാ നീ ചരിത്രത്തോടാണ് നീതികേട് കാണിക്കുന്നത്’ എന്ന് സുഹൃത്ത് രവി പറയുകയായിരുന്നു എന്നാണ് രാജേഷ് പറയുന്നത്. കനകം കാമിനി കലഹം, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിലെ രാജേഷിന്റെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധ നേടിയതാണ്.