സിനിമാ റിലീസിന് മുമ്പുള്ള ഓഡിയോ ലോഞ്ചുകള്‍ എന്നും ശ്രദ്ധ നേടാറുണ്ട്. ഓഡിയോ ലോഞ്ചിലെ താരങ്ങളുടെ വാക്കുകള്‍ ഫാന്‍സ് പോരിന് കാരണമായിട്ടുണ്ടെങ്കില്‍ അത് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെതും ദളപതി വിജയ്‌യുടെതുമാണ്. രജനികാന്തിന്റെ വിവാദമായ പരാമര്‍ശമായിരുന്നു ‘കാക്ക-പരുന്ത്’. ‘ജയിലര്‍’ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ആയിരുന്നു രജനികാന്ത് തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി സംസാരിച്ചത്. എന്നാല്‍ രജനി നടന്‍ വിജയ്യെ ആണ് വിമര്‍ശിച്ചതെന്ന ചര്‍ച്ചകള്‍ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഈ പരാമര്‍ശത്തോട് പേരെടുത്ത് പറയാതെ തന്നെ ശക്തമായി വിജയ്‌യും പ്രതികരിച്ചു. ഈയടുത്ത ഓഡിയോ ലോഞ്ചില്‍ അതിന് മറുപടിയായി എത്തിയിരിക്കുകയാണ് രജനികാന്ത്. താന്‍ എന്നും വിജയ്‌യുടെ അഭ്യുദയകാംക്ഷിയാണ് എന്നാണ് രജനിയുടെ പക്ഷം.
ജയിലര്‍ ഓഡിയോ ലോഞ്ചിലെ രജനിയുടെ പരാമര്‍ശം വിവാദമാകാന്‍ കാരണമുണ്ടായിരുന്നു. ”പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെ പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിന് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ല. നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകണം” എന്നായിരുന്നു രജനികാന്ത് പറഞ്ഞത്.
തന്റെ സൂപ്പര്‍താര പദവിയിലേക്ക് പലരും വിജയ്‌യെ ഉയര്‍ത്തി കാട്ടുന്നതിന് എതിരെയാണ് രജനി പ്രതികരിച്ചത് എന്ന ചര്‍ച്ചകള്‍ എത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ രജനി-വിജയ് ഫാന്‍സ് ഏറ്റുമുട്ടലും നടന്നു. ഇതോടെ ‘ലിയോ’ സിനിമയുടെ പ്രസ് മീറ്റില്‍ ഈ വിഷയത്തില്‍ വിജയ് പ്രതികരിക്കുകയും ചെയ്തു.
‘പുരട്ചി തലൈവര്‍’ ഒരാള്‍ മാത്രമാണ്, ‘നടികര്‍ തിലകം’ ഒരാള്‍ മാത്രമാണ്, ‘പുരട്ചി കലൈഞ്ജര്‍ ക്യാപ്റ്റന്‍’ ഒരാള്‍ മാത്രമാണ്, ‘ഉലകനായകന്‍’ ഒരാള്‍ മാത്രമാണ്. സൂപ്പര്‍ സ്റ്റാര്‍’ ഒരാള്‍ മാത്രമാണ്, അതുപോലെ ‘തല’ എന്നാലും ഒരാള്‍ മാത്രമാണ്. ചക്രവര്‍ത്തിയുടെ കീഴിലാണ് ദളപതിയുടെ സ്ഥാനം. ചക്രവര്‍ത്തി പറയും, ദളപതി ചെയ്യും. എന്നെ സംബന്ധിച്ച് ജനങ്ങളാണ് ചക്രവര്‍ത്തി, ഞാന്‍ നിങ്ങളുടെ കീഴെയുള്ള ദളപതിയും” എന്നായിരുന്നു വിജയ്‌യുടെ വാക്കുകള്‍.
എന്നാല്‍ തന്റെ കാക്ക-പരുന്ത് പരാമര്‍ശം വിജയ്‌യെ ഉദ്ദേശിച്ച് അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രജനികാന്ത് ഇപ്പോള്‍. മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ‘ലാല്‍ സലാം’ സിനിമയുടെ ഒാഡിയോ ലോഞ്ചിലാണ് രജനി സംസാരിച്ചത്. തന്റെ പരാമര്‍ശം വിജയ്‌യെ ഉദേശിച്ചല്ല നടത്തിയതെന്നും വിജയ്‌യുമായി മത്സരത്തിലെന്ന പ്രചാരണം വേദനിപ്പിക്കുന്നുവെന്നും രജനികാന്ത് വ്യക്തമാക്കി. വിജയ് ഇന്ന് വലിയ താരമായി വളര്‍ന്നു കഴിഞ്ഞു. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്നാണ് പറയുന്നത്. താന്‍ എന്നും വിജയ്‌യുടെ അഭ്യുദയകാംക്ഷിയാണ്. ആരാധകര്‍ ഇത്തരം വിഷയങ്ങള്‍ ഇനി ഉയര്‍ത്തരുത് എന്നാണ് രജനികാന്ത് പറയുന്നത്.