‘ബീസ്റ്റ്’ എന്ന സിനിമ പരാജയപ്പെട്ടതിന് ശേഷം നെല്‍സണ്‍ ചിത്രത്തിന് ഡേറ്റ് കൊടുക്കരുതെന്ന് പലരും തന്നോട് പറഞ്ഞിരുന്നതായി രജനികാന്ത്. ‘ജയിലര്‍’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് രജനികാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. നെല്‍സണെ ചിത്രത്തില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് തനിക്ക് നിരവധി കോളുകള്‍ വന്നിട്ടുണ്ട് എന്നാണ് രജനി പറയുന്നത്.
”ജയിലറിനായി ഞങ്ങള്‍ ഒരു പ്രമോ ഷൂട്ട് ചെയ്ത് പുറത്ത് ഇറക്കിയിരുന്നു. അതിന് ശേഷമാണ് നെല്‍സണ്‍ വിജയ് ചിത്രം ‘ബീസ്റ്റ്’ റിലീസ് ചെയ്തത്. പക്ഷേ ചിത്രം വിചാരിച്ച അത്രയും നന്നായി പോയില്ല, വിതരണക്കാര്‍ ഉള്‍പ്പടെയുള്ള പലരില്‍ നിന്നും നെല്‍സണെ സംവിധായക സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കോളുകള്‍ ലഭിച്ചു.”
”നിരവധി കോളുകള്‍ ലഭിച്ചപ്പോള്‍ ഞങ്ങള്‍ സണ്‍ പിക്‌ചേഴ്‌സുമായി ചര്‍ച്ചകള്‍ നടത്തി, അവര്‍ എന്നോട് പറഞ്ഞത്, ‘ബീസ്റ്റിന് മോശം അഭിപ്രായങ്ങള്‍ ആണെന്ന് ഉള്ളത് ശരിയാണ് സാര്‍, പക്ഷേ സിനിമ നന്നായി തന്നെ ബോക്സോഫീസില്‍ പെര്‍ഫോമന്‍സ് നടത്തുന്നുണ്ട്’ എന്നാണ്.”
”ബീസ്റ്റ് സിനിമയുടെ പ്രൊഡക്ഷന്‍ സമയത്താണ് നെല്‍സണ്‍ എന്നോട് ജയിലര്‍ സിനിമയുടെ ഒരു ബേസിക് ഐഡിയ പറയുന്നത്. അതെനിക്കിഷ്ടപ്പെട്ടെന്നു പറഞ്ഞപ്പോള്‍ ഐഡിയ ഡവലപ്പ് ചെയ്ത് ഫുള്‍ സ്‌ക്രിപ്റ്റുമായി തന്റെ മുന്നില്‍ വരാമെന്നും നെല്‍സണ്‍ പറഞ്ഞു.”
”അങ്ങനെ പത്ത് ദിവസം കഴിഞ്ഞ് ബീസ്റ്റിന്റെ ഷൂട്ട് കഴിഞ്ഞ ദിവസം എന്റെ അടുത്ത് വന്ന് കഥ മുഴുവനായി പറഞ്ഞു. ഫന്റാസിസ്റ്റിക് എന്നാണ് കഥ കേട്ട ശേഷം ഞാന്‍ പറഞ്ഞത്. അണ്ണാത്തെ സിനിമയ്ക്ക് ശേഷം ഒരുപാട് സമയമെടുത്തു എന്റെ അടുത്ത പടം ലോക്ക് ചെയ്യാന്‍.”
”അതിന് കാരണമുണ്ട്. ചിലര്‍ വന്ന് എന്നോട് ഐഡിയ പറയും. പക്ഷേ കഥ മുഴുവനായി വരുമ്പോള്‍ അത് നന്നാകുകയുമില്ല” എന്നാണ് രജനി പറയുന്നത്. അതേസമയം, രജനികാന്തിന്റെ 169-ാം ചിത്രമാണ് ജയിലര്‍. ചിത്രത്തില്‍ മോഹന്‍ലാലും ജാക്കി ഷ്രോഫും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത് എന്നും നെല്‍സണ്‍ വ്യക്തമാക്കിയിരുന്നു.