കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ മരണം വളരെ വൈകിയാണ് താന്‍ അറിഞ്ഞതെന്ന് രജനികാന്ത്. പുനീതുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെങ്കിലും നടന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കാഞ്ഞതിന്റെ കാരണത്തെ കുറിച്ചാണ് രജനികാന്ത് സംസാരിച്ചത്.
പുനീത് നമ്മളെ വിട്ടുപോയെങ്കിലും അദ്ദേഹത്തിന്റെ ആത്മാവ് നമുക്കൊപ്പം തന്നെയുണ്ട്. ശസ്ത്രക്രിയ നടത്തി ഐസിയുവില്‍ ആയിരുന്നതിനാല്‍ പുനീതിന്റെ മരണ വിവരം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് തന്നെ അറിയിച്ചത്. എന്നാല്‍ മരണവിവരം കൃത്യസമയത്ത് അറിഞ്ഞിരുന്നെങ്കിലും തനിക്ക് എത്താന്‍ സാധിക്കില്ലായിരുന്നു.
കാരണം ശസ്ത്രക്രിയയ്ക്ക് ശേഷം യാത്ര ചെയ്യുന്നത് നിഷേധിച്ചിരുന്നു എന്നാണ് രജനികാന്ത് പറയുന്നത്. പുനീതിന് കര്‍ണാടകയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കര്‍ണാടക രത്‌ന നല്‍കി ആദരിച്ച വേദിയില്‍ വച്ചാണ് രജനികാന്ത് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു പുനീത് രാജ്കുമാര്‍ അന്തരിച്ചത്. 46 വയസായിരുന്നു. ജിമ്മില്‍ വച്ച് അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. കന്നഡ സിനിമയിലെ പ്രശസ്തനായ നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത്.
2002ല്‍ പുറത്തിറങ്ങിയ ‘അപ്പു’ എന്ന ചിത്രമാണ് കന്നഡ സിനിമയില്‍ പുനീതിന്റെ നായകസ്ഥാനം ഉറപ്പാക്കിയത്. ഈ ഒക്ടോബര്‍ 28ന് റിലീസ് ചെയ്ത ‘ഗന്ധഡഗുഡി’ ആണ് പുനീതിന്റെ അവസാന ചിത്രം. ‘അഭി’, ‘വീര കന്നാഡിഗ’, ‘അരസു’, ‘രാം’, ‘ഹുഡുഗാരു’, ‘അഞ്ചാനി പുത്ര’ എന്നിവയാണ് താരത്തിന്റെ ഹിറ്റ് സിനിമകള്‍.