എആര്‍ റഹ്‌മാന് ഓസ്‌കര്‍ നേടിക്കൊടുത്ത സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ എന്ന പാട്ട് യഥാര്‍ത്ഥത്തില്‍ അദ്ദേഹമല്ല കംപോസ് ചെയ്തതെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ജിവി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
ജയ് ഹോ ഒരുക്കിയത് ഗായകന്‍ സുഖ്വിന്ദര്‍ സിങ് ആണെന്നാണ് ആര്‍ജിവി പറയുന്നത്. 2008ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍-കത്രീന കൈഫ് ചിത്രം ‘യുവരാജി’ന് വേണ്ടിയാണ് ആദ്യം ജയ് ഹോ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. സുഖ്വിന്ദര്‍ സിങ് ആണ് പാട്ടിന് പിന്നില്‍. ഈ പാട്ട് ഒരുക്കുമ്പോള്‍ റഹ്‌മാന്‍ ലണ്ടനില്‍ ആയിരുന്നു.
ചിത്രത്തിന്റെ സംവിധായകന്‍ സുഭാഷ് ഘായ് എത്രയും വേഗം പാട്ട് ചിത്രീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. സംവിധായകന്‍ തിരക്ക് കൂട്ടിയതിനാലാണ് റഹ്‌മാന്‍ പാട്ട് ചിട്ടപ്പെടുത്താന്‍ സുഖ്വിന്ദറിനെ ഏല്‍പ്പിച്ചത്. അങ്ങനെയാണ് അദ്ദേഹം ജയ് ഹോ ഈണം സൃഷ്ടിച്ചത്.
എന്നാല്‍ ഈ ഗാനം യുവരാജ് എന്ന ചിത്രത്തിന് അനുയോജ്യമല്ലെന്ന് നിര്‍മാതാവ് തീരുമാനിച്ചു. അങ്ങനെ ചിത്രത്തില്‍ നിന്നും പാട്ട് ഒഴിവാക്കി. പിന്നീട് തൊട്ടടുത്ത വര്‍ഷം സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിന് വേണ്ടി റഹ്‌മാന്‍ ഈ പാട്ട് ഉപയോഗിക്കുകയായിരുന്നു എന്നാണ് ആര്‍ജിവി പറയുന്നത്.
Read more
അതേസമയം, 2009ല്‍ ആണ് ഡാനി ബോയ്ല്‍ സംവിധാനം ചെയ്ത ‘സ്ലം ഡോഗ് മില്യണയര്‍’ പുറത്തിറങ്ങിയത്. ഗുല്‍സാര്‍, തന്‍വി എന്നിവര്‍ ചേര്‍ന്നാണ് ജയ് ഹോ ഗാനത്തിന് വരികളെഴുതിയത്. എആര്‍ റഹ്‌മാന്‍, സുഖ്‌വിന്ദര്‍, തന്‍വി, മഹാലക്ഷ്മി അയ്യര്‍, വിജയ് പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.