രജനികാന്ത് നല്ല നടനാണോ? സ്ലോ മോഷനില്ലാതെ അദ്ദേഹത്തിന് നിലനില്‍പ്പില്ല, അഭിനയിക്കാന്‍ അറിയില്ല: രാം ഗോപാല്‍ വര്‍മ്മ

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രജനികാന്ത് നല്ല നടനാണോ എന്ന തനിക്ക് സംശയമുണ്ട്. സ്ലോ മോഷന്‍ ഇല്ലാതെ അദ്ദേഹത്തിനൊരു നിലനില്‍പ്പില്ല എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്. ഒരു നടനും താരവും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട് എന്നാണ് ആര്‍ജിവി പറയുന്നത്.

നടനും താരവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്നതിനിടെയാണ് ഒരു അഭിമുഖത്തില്‍ ആര്‍ജിവി രജനികാന്തിനെ കുറിച്ച് പരാമര്‍ശിച്ചത്. ”ഒരു നടനും ഒരു താരവും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. രജനികാന്ത് ഒരു നല്ല നടനാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ‘സത്യ’ സിനിമയില്‍ മനോജ് ബാജ്പയ് ചെയ്ത പോലൊരു കഥാപാത്രം രജനികാന്തിന് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.”

”സ്ലോ മോഷന്‍ ഇല്ലാതെ രജനീകാന്തിന് നിലനില്‍പ്പില്ല. ഒരു താരം ഒരു സാധാരണ കഥാപാത്രമാവുമ്പോള്‍ അത് നമ്മളെ നിരാശപ്പെടുത്തുന്നു. താരങ്ങള്‍ ദിവ്യപുരുഷന്‍മാരാണ്. അവര്‍ക്ക് സാധാരണക്കാരാവാന്‍ സാധിക്കില്ല” എന്നാണ് ആര്‍ജിവി പറയുന്നത്.

ഒരു താരത്തിന് സാധാരണക്കാരനായ കഥാപാത്രത്തെ അവതരിപ്പിക്കാനാവില്ല. അമിതാഭ് ബച്ചന് വയറുവേദന വരുന്ന ഒരു സിനിമയുണ്ട്. എനിക്ക് ആ സീന്‍ ഇഷ്ടമല്ല. അമിതാഭ് ബച്ചന് വയറുവേദന വരുന്നത് കാണാന്‍ എനിക്കിഷ്ടമല്ല. അവരെ ദേവന്‍മാരെ പോലെയാണ് കാണുന്നത്. ദൈവങ്ങള്‍ക്ക് അങ്ങനെയുള്ള കഥാപാത്രമാവാനാവില്ല” എന്നാണ് ആര്‍ജിവി പറയുന്നത്.

Read more