സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ‘മിത്ത് വിവാദം’ ചര്‍ച്ചകളില്‍ നിറയുമ്പോള്‍ മറ്റൊരു ‘മിത്തു’മായി നടന്‍ രമേശ് പിഷാരടി. ഫെയ്‌സ്ബുക്ക് ഫ്രണ്ട്സ് എന്നത് പലപ്പോഴും ഒരു മിത്താണ് എന്നാണ് നടന്‍ പറയുന്നത്. ഇന്ന് ഫെയ്‌സ്ബുക്ക് മതപരവും കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് വേണ്ടിയുള്ള കൊലവിളികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും നടന്‍ പറയുന്നു.
രമേശ് പിഷാരടിയുടെ കുറിപ്പ്:
ഫെയ്‌സ്ബുക്ക് ‘ഫ്രണ്ട്സ്’ എന്നത് പലപ്പോഴും ഒരു മിത്താണ്. മതത്തിനും കക്ഷി രാഷ്ട്രീയത്തിനും വേണ്ടിയുള്ള കൊലവിളികള്‍ കൊണ്ടും തര്‍ക്കങ്ങള്‍ കൊണ്ടും ഇവിടം നിറഞ്ഞിരിക്കുന്നു. സൗഹൃദങ്ങള്‍ക്ക് വേണ്ടി ആയിരുന്നു ഫെയ്‌സ്ബുക്ക് ആരംഭിച്ചത്. ചങ്ങാത്തം നിലനിര്‍ത്താന്‍, നിര്‍മിക്കാന്‍, വീണ്ടെടുക്കാന്‍.. അങ്ങനെ പലതിനും…
എന്നാല്‍ ഫെയ്‌സ്ബുക്ക് ഉപയോഗത്തിന് അതിന്റെ കൗമാരം കടക്കാറാകുമ്പോഴേക്കും മനുഷ്യനെന്ന പോലെ ബാല്യത്തിന്റെ നിഷ്‌കളങ്കത കൈമോശം വന്നിരിക്കുന്നു. എല്ലാ മതങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളും സ്‌നേഹിക്കാനാണത്രെ പഠിപ്പിക്കുന്നത്. ഫെയ്‌സ്ബുക്ക് സൗഹൃദങ്ങള്‍ക്ക് വേണ്ടിയാണ് ഉണ്ടാക്കിയത് എന്നു പറയും പോലെ.