സിനിമയിലുള്ളവര്‍ തന്നെ മോശം റിവ്യൂ പറയുന്നു, 'രണ്ട് നടന്മാരുടെ സ്‌കിറ്റ് കണ്ടു, മോശമായിരുന്നു' എന്നാണ് ഒരാള്‍ എഴുതിയത്..: രമേഷ് പിഷാരടി

സിനിമയിലുള്ളവര്‍ തന്നെ മോശം റിവ്യൂ പറയാറുണ്ടെന്ന് നടന്‍ രമേഷ് പിഷാരടി. മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ യോഗത്തില്‍ സംസാരിക്കവെയാണ് രമേഷ് പിഷാരടി ഇതിനെ കുറിച്ച് പറഞ്ഞത്. സംഘനയില്‍ നിന്നും സഹായം ലഭിച്ചിട്ടുള്ള ഒരു വ്യക്തി പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ചാണ് പിഷാരടി സംസാരിച്ചത്.

”ഈ അടുത്ത് ഇടയ്ക്ക് നമ്മുടെ ഒരു അംഗം ഒരു സിനിമ കാണുകയും ആ സിനിമയെപ്പറ്റി ഒരു റിവ്യൂ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതി ഇടുകയും ചെയ്തു. ‘ഇന്ന് രണ്ട് നടന്മാരുടെ സ്‌കിറ്റ് കണ്ടു. അത് വളരെ മോശമായിരുന്നു’ എന്നായിരുന്നു ആ പോസ്റ്റ്.”

”ആ അംഗം ഈ സംഘടനയില്‍ നിന്നും മൂന്ന് നാല് ലക്ഷം രൂപയില്‍ കുറയാത്ത സഹായം ലഭിച്ചിട്ടുള്ള ഒരു വ്യക്തിയാണ്. അതിന് ശേഷം ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നമ്മള്‍ ആളുകളോട് സംസാരിക്കാന്‍ ചെല്ലുമ്പോള്‍, ചിലര്‍ ഈ സ്‌ക്രീന്‍ഷോട്ട് കാണിച്ചിട്ട് ‘ഇവനെയൊക്കെ സഹായിക്കാന്‍ വേണ്ടിയല്ലേ ഞാന്‍ വരേണ്ടത്’ എന്ന് ഞങ്ങളോട് ചോദിക്കുകയാണ്.”

”അത്തരം ചില സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ക്ക് ഉത്തരമില്ലാതെ പോവുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് അല്ല പറയുന്നത്, അത് അവകാശം തന്നെയാണ്. പക്ഷേ ഈ സന്ദര്‍ഭത്തില്‍ നമുക്ക് പറയാന്‍ ഉത്തരമില്ല എന്നത് വലിയ പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ഈ സംഘടനയോട് കുറച്ച് ദയ ഉള്ളവരായിരിക്കാന്‍ ശ്രമിക്കണം എന്ന് ആഗ്രഹിക്കുകയാണ്.”’

”നമ്മളോടൊപ്പം കൂടെ നിന്ന് നമ്മെ സഹായിക്കുന്നവരെ തിരിച്ച് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള ഒരു മര്യാദ കാണിക്കാന്‍ ശ്രമിക്കണം എന്ന് പറയാനാണ് ആഗ്രഹിക്കുന്നത്” എന്നാണ് രമേഷ് പിഷാരടി യോഗത്തില്‍ സംസാരിക്കവെ പറഞ്ഞത്.