'നിയമങ്ങള്‍ സൃഷ്ടിച്ചാല്‍ മാത്രം പോരാ', എന്റെ പ്രതികരണം കണ്ട് പലരും ചിരിച്ച് കാണും; പത്ര കട്ടിംഗുമായി രമേഷ് പിഷാരടി

23 വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്രത്തില്‍ പ്രസിദ്ധീകരിച്ച തന്റെ കത്ത് പങ്കുവച്ച് രമേഷ് പിഷാരടി. സമകാലിക വിഷയങ്ങളെ കുറിച്ച് വായനക്കാര്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്ന പ്രതികരണത്തിലാണ് പിഷാരടി നിയമം നടപ്പാക്കുന്നതിലെ പോരായ്മകളെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്.

2000 ജൂലൈ 19ല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിന്റെ ഏടാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. കലാലയ കാലത്താണ് താന്‍ പ്രതികരിച്ചത്. ഇതിനും 23 വര്‍ഷം മുമ്പ് ഇതേ കാര്യത്തില്‍ പ്രതികരിച്ചവര്‍ തന്റെ ആവേശം കണ്ട് ഉള്ളില്‍ ചിരിച്ചു കാണും എന്നാണ് പിഷാരടി കുറിച്ചിരിക്കുന്നത്.

രമേഷ് പിഷാരടിയുടെ കുറിപ്പ്:

ചിലപ്പോഴെല്ലാം ഇതും ശരിയാണ്. ‘മാറ്റമില്ലാത്തതായി ഒന്നേ ഉള്ളു മാറ്റമില്ലായ്മ’. 23 വര്‍ഷം മുന്‍പുള്ള മാതൃഭൂമി ദിനപത്രം. അപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഇല്ല, പത്രങ്ങളിലേക്കയക്കുന്ന അനേകം കത്തുകളില്‍ നിന്ന് ചിലതു പ്രസിദ്ധീകരിക്കും.

അപകടവും ആള്‍നാശവും കഴിഞ്ഞ് പരിമിതമായ കാലത്തേക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന പൊതു സംവിധാനങ്ങളും, നിയമ നിര്‍മാണവും, നടത്തിപ്പും എല്ലാം… കലാലയ കാലത്തെ എന്റെ പ്രതികരണം. അന്ന് ഇതിനും 23 വര്‍ഷം മുമ്പ് ഇതേ കാര്യത്തില്‍ പ്രതികരിച്ചവര്‍ എന്റെ ആവേശം കണ്ട് ഉള്ളില്‍ ചിരിച്ചു കാണും.