ഒറ്റപ്പെട്ട ഒരു തുരുത്തിലേക്ക് അവശ്യസാധനങ്ങള്‍ എത്തിച്ച എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിനെ പ്രശംസിച്ച് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കര്‍. ഇതാവണമെടാ കളക്ടര്‍ എന്ന സിനിമാ സ്‌റ്റൈല്‍ ഡയലോഗിലൂടെയാണ് രണ്‍ജി പണിക്കരുടെ പ്രശംസ.
“രാജ്യം യുദ്ധം ചെയ്യാന്‍ ഇറങ്ങുമ്പോള്‍ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കളക്ടര്‍ ശ്രീ സുഹാസ് ഐ. എ.എസ്. ഒറ്റപ്പെട്ട തുരുത്തിലേക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാന്‍ കളക്ടറുടെ തോണിയാത്ര.ഒറ്റയ്ക്ക്. ഇതാവണമെടാ കളക്ടര്‍..sense ..sensibility..sensitivity..Suhas..” കളക്ടറുടെ ചിത്രം പങ്കു വെച്ചു കൊണ്ട് രണ്‍ജി പണിക്കര്‍ കുറിച്ചു.
രണ്‍ജി പണിക്കരുടെ പോസ്റ്റ് നടന്‍ മമ്മൂട്ടിയും പങ്കുവെച്ചിട്ടുണ്ട്. കൊച്ചി നഗരത്തില്‍ നിന്നും വിളിപ്പാടകലെ, എന്നാല്‍ ഒറ്റപ്പെട്ട് ഒരു തുരുത്താണ് താന്തോണിത്തുരുത്ത്. വഞ്ചിയിലല്ലാതെ താന്തോണിത്തുരുത്തില്‍ എത്താന്‍ മാര്‍ഗമില്ല. പാവപ്പെട്ട 65 കുടുംബങ്ങളാണ് ഈ തുരുത്തിലുള്ളത്. സ്ഥിര വരുമാനക്കാരല്ലാത്ത ഈ കുടുംബങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി അറിയാനും ജില്ലാ ഭരണകൂടത്തിന്റെ ചെറിയൊരു പിന്തുണ നല്‍കാനുമാണ് ഇന്നലെ കളക്ടര്‍ തുരുത്തിലെത്തിയത്. അരിയും പലവ്യഞ്ജനവും അടക്കം 17 ആവശ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകളും കളക്ടര്‍ അവര്‍ക്കായി കരുതിയിരുന്നു.