രാജിവെക്കേണ്ട സാഹചര്യം ഇവിടെയില്ല, എനിക്കെതിരെ ഒരു സമാന്തര യോഗവും നടന്നിട്ടില്ല: രഞ്ജിത്ത്

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും താൻ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സംവിധായകൻ രഞ്ജിത്ത്. കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അക്കാദമി അംഗങ്ങൾ രംഗത്തുവന്നത്.

“രാജിവെക്കേണ്ട ഒരു സാഹചര്യവും ഇവിടെയില്ല. ഒരു സമാന്തര യോഗവും നടന്നിട്ടില്ല. എല്ലാം മാധ്യമ വാർത്തകളാണ്. അക്കാദമിക്കെതിരെയും ചെയർമാനെതിരെയും സംസാരിച്ചെന്ന് പറഞ്ഞവർ തന്നെ അങ്ങനെ അവർ ചെയതിട്ടില്ല എന്ന് പറയുന്നു. ഇനി അങ്ങനെ ഉണ്ടാവുന്ന ഒരു കാലം ഞാൻ നിങ്ങളെ തന്നെ അത് ആദ്യം അറിയിക്കും.” എന്നാണ് രഞ്ജിത്ത് മാധ്യമങ്ങളോട് സംസാരിച്ചത്.

പതിനഞ്ച് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ ഒമ്പത് പേരാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്ന സമയത്ത് തന്നെ രഞ്ജിത്തിനെതിരെ സമാന്തര യോഗം ചേര്‍ന്നത്. കുക്കുപരമേശ്വരന്‍, നടന്‍ ജോബി, നിര്‍മാതാവ് മമ്മി സെഞ്ച്വറി എന്നിവരുള്‍പ്പെടെയുള്ളവരാണ് സമാന്തര യോഗം ചേര്‍ന്ന് രഞ്ജിത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടത്.

രഞ്ജിത്തിനെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് ഇനി നിലനിര്‍ത്തരുതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ആരോടും ആലോചിക്കാതെ തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോവുകയാണ് രഞ്ജിത്ത്. ആരെയും വിശ്വാസത്തിലെടുക്കാതെ ഏകാധിപത്യ രീതിയിലാണ് ചെയര്‍മാന്‍ പ്രവര്‍ത്തിക്കുന്നതെന്നും ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ആരോപിച്ചിരുന്നു.

ചെയര്‍മാനായ രഞ്ജിത്തിന്റെ തൊട്ടടുത്ത മുറിയിലാണ് സമാന്തര യോഗം ചേര്‍ന്നത്. സി പി എം ഇടതു കേന്ദ്രങ്ങളില്‍ നിന്ന് തന്നെ രഞ്ജിത്തിനെതിരെ പല എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പ്രമുഖ സംവിധായകന്‍ ഡോ. ബിജുവിനെതിരെ രഞ്ജിത്ത് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ വലിയ വിവാദം വിളിച്ചുവരുത്തുകയും ചെയ്തിരുന്നു

Read more

ഇതേ തുടര്‍ന്ന് സാസംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഇടപെടുകയും താന്‍ ഇക്കാര്യത്തെക്കുറിച്ച് രഞ്ജിത്തിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ പിറ്റേ ദിവസമാണ് പതിനഞ്ചംഗ അക്കാദമി ജനറല്‍ കൗണ്‍സിലിലെ ഒമ്പത് അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്ന് രഞ്ജിത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടത്.