'സിനിമയുടെ ലാഭം നോക്കിയല്ല ഇത് ഏറ്റെടുത്തത്'; രണ്‍വീറിനും കപില്‍ ദേവിനുമൊപ്പം പൃഥ്വിരാജ്

1983ല്‍ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ ആസ്പദമാക്കി ഒരുക്കുന്ന ബഹുഭാഷാ ചിത്രമാണ് 83. രണ്‍വീര്‍ സിംഗിനെ നായകനാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

സിനിമയുടെ ലാഭം നോക്കിയല്ല ഇത് ഏറ്റെടുത്തത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. ‘റീല്‍ ലൈഫ് കപില്‍ ദേവിനൊപ്പം’ എന്ന ക്യാപ്ഷനോടെ പൃഥ്വിരാജ് രണ്‍വീറിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരിന്നു. 83യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ എത്തിയതായിരുന്നു രണ്‍വീറും സംഘവും.

മലയാളത്തില്‍ ഈ സിനിമ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്ക് വേണ്ടി കപ്പുയര്‍ത്തിയ താരങ്ങളായ കപില്‍ ദേവും കെ ശ്രീകാന്തും കൊച്ചിയില്‍ എത്തി. വെസ്റ്റ് ഇന്‍ഡീസിനെ തറ പറ്റിച്ച് കപ്പ് കൈയില്‍ എടുത്തത് അടക്കമുള്ള ലോകകപ്പിലെ അപൂര്‍വ നിമിഷങ്ങളെല്ലാം വൈകാരികമാണ്.

ആ അനുഭവങ്ങളും നിമിഷങ്ങളുമാണ് സിനിമയിലുള്ളത്. അന്നത്തെ തങ്ങളുടെ ജീവിതം അതേ രീതിയില്‍ തന്നെ സിനിമയില്‍ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് കപില്‍ദേവും കെ. ശ്രീകാന്തും പറഞ്ഞു.

Read more

ക്രിക്കറ്റ് ഇതിഹാസമായ കപില്‍ ദേവിന്റെ ജീവിത കഥ തന്നിലൂടെ എത്തുന്നതിലും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ഭാഗമാകുന്നതിലും വലിയ സന്തോഷം ഉണ്ടെന്ന് നടന്‍ രണ്‍വീര്‍ സിംഗ് പറഞ്ഞു.