കേരളത്തിലെ പായസമാണ് എനിക്ക് ഏറെയിഷ്ടം, ഇവിടെ വരാനും എനിക്ക് ഇഷ്ടമാണ്: രശ്മിക മന്ദാന

കേരളം തനിക്ക് വലിയ ഇഷ്ടമാണെന്ന് നടി രശ്മിക മന്ദാന. ‘പുഷ്പ 2’വിന്റെ പ്രമോഷനായി കേരളത്തില്‍ എത്തിയപ്പോഴാണ് താരം സംസാരിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ളത് പായസമാണെന്നും രശ്മിക പറയുന്നുണ്ട്. അല്ലു അര്‍ജുനെ കാണാനായി വിമാനത്താവളത്തില്‍ എത്തിയ ആരാധകരുടെ ആവേശം തനിക്ക് ഇഷ്ടമായെന്നും രശ്മിക വ്യക്തമാക്കി.

ശ്രീവല്ലിയെ മലയാളികളും ആവേശത്തോടെ ഏറ്റെടുത്തതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ഈ ഭാഷയും ഇവിടുത്തെ ആളുകളെയും എനിക്ക് വലിയ ഇഷ്ടമാണ്. കൂര്‍ഗില്‍ നിന്നാണ് ഞാന്‍ വരുന്നത്. കേരളത്തോട് വളരെ അടുത്ത സ്ഥലമാണല്ലോ കൂര്‍ഗ്. കേരളത്തില്‍ എപ്പോള്‍ വരാനും എനിക്ക് ഇഷ്ടമാണ്.

ഇവിടെ എത്തിയാല്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളൊരു കാര്യം പായസമാണ്. നിങ്ങളുടെ പായസം എനിക്ക് എത്ര ഇഷ്ടമാണെന്നോ. കൊച്ചിയില്‍ വന്നിറങ്ങിയ നേരം മുതല്‍ ഞാന്‍ ഇവിടത്തെ അല്ലു അര്‍ജുന്‍ ആരാധകരുടെ ആവേശം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അല്ലുവിനെ കാണാന്‍ എത്രയോ പേരാണ് വിമാനത്താവളത്തിലും ഇവിടെയുമൊക്കെ കാത്തുനിന്നത്.

പുഷ്പയുടെ രണ്ടാം ഭാഗത്തിനുള്ള നിങ്ങളുടെ കാത്തിരിപ്പും അതുപോലെയാണെന്ന് അറിയാം. പുഷ്പയുടെ രണ്ടാം വരവും നിങ്ങളെല്ലാം ഏറ്റെടുക്കുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല. ആ സിനിമ കണ്ടിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഒരല്പംപോലും നിരാശയുണ്ടാകില്ല. ആ സിനിമയിലെ ഡയലോഗുകള്‍ നിങ്ങളെല്ലാം പറയും.

ആ സിനിമയിലെ നൃത്തച്ചുവടുകള്‍ക്കൊപ്പം നിങ്ങളും ആവേശത്തോടെ കൂടും. അത്രയേറെ ഭംഗിയായാണ് ഈ സിനിമ ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്നാണ് രശ്മിക പറയുന്നത്. അതേസമയം, ഡിസംബര്‍ 5ന് ആണ് പുഷ്പ 2 തിയേറ്ററുകളില്‍ എത്തുന്നത്. ഫഹദ് ഫാസില്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.