നടി രശ്മിക മന്ദാനയുടെ പേരില്‍ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങളും രംഗത്ത് വന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് രശ്മിക ഇപ്പോള്‍.
ഈ ഡീപ് ഫേക്ക് വീഡിയോ വന്നതില്‍ പ്രതികരിക്കേണ്ടി വന്നതില്‍ തനിക്ക് വളരെ വേദനയുണ്ടെന്ന് രശ്മിക പറയുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് സംഭവിക്കുന്നതിന് മുമ്പ് അതിനോട് പ്രതികരിക്കേണ്ടതുണ്ട് എന്നാണ് രശ്മിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്.
”എന്റേത് എന്ന പേരില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഡീപ് ഫേക്ക് വീഡിയോ കുറിച്ച് സംസാരിക്കേണ്ടി വരുന്നതില്‍ ഞാന്‍ തീര്‍ത്തും വേദനയോടെയാണ്. ഇത്തരമൊരു കാര്യം എനിക്ക് മാത്രമല്ല ഇതുപോലെ സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം ഇന്ന് ഇരയാകുന്ന നമ്മളോരോരുത്തര്‍ക്കും അങ്ങേയറ്റം ഭീതിപ്പെടുത്തുന്നതാണ്.”
”ഇന്ന്, ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എനിക്ക് സുരക്ഷയും പിന്തുണയും നല്‍കുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഞാന്‍ നന്ദി പറയുന്നു. എന്നാല്‍ ഞാന്‍ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കില്‍, എനിക്ക് ഇത് എങ്ങനെ നേരിടാന്‍ കഴിയുമെന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.”
”ഇത്തരം ഐഡന്റിറ്റി മോഷണം നമ്മളില്‍ കൂടുതല്‍ പേരെ ബാധിക്കുന്നതിന് മുമ്പ്, ഒരു സമൂഹമെന്ന നിലയില്‍ അടിയന്തിരമായും നാം ഇതിനെ അഭിസംബോധന ചെയ്യേണ്ടതുണ്ട്” എന്നാണ് രശ്മിക പറയുന്നത്. അതേസമയം, ഈ സംഭവത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്രം വ്യക്തിമാക്കിയിട്ടുണ്ട്.
ഐടി നിയമം അനുസരിച്ച് ഉപഭോക്താക്കള്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്ന് എല്ലാ സോഷ്യല്‍ മീഡിയയും ഉറപ്പുവരുത്തണം. സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞാല്‍ 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്തിരിക്കണം. ഇല്ലെങ്കില്‍ റൂള്‍ 7 പ്രയോഗിക്കുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം കോടതി കയറേണ്ടി വരുമെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.