ജയസൂര്യയാണ് മലയാള സിനിമയില്‍ നന്മമരം ചമയുന്ന നടന്‍ എന്ന പോസ്റ്റിന് സംവിധായകന്‍ രതീഷ് രഘുനന്ദനന്‍ നല്‍കിയ മറുപടി വൈറലാകുന്നു. കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന സമയത്ത് തനിക്ക് പണം അയച്ചു തന്ന ആളാണ് ജയസൂര്യ എന്നാണ് സംവിധായകന്‍ പറയുന്നത്.
”നന്മമരം ചമയലാണോ എന്നറിയില്ല. എനിക്കുണ്ടായ അനുഭവം പറയാം. ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നു. വിജയ് ബാബു നിര്‍മ്മാതാവ്. പ്രീ പ്രൊഡക്ഷന്‍ തുടങ്ങി ദിവസങ്ങള്‍ക്കകം കോവിഡും ലോക്ഡൗണും വരുന്നു. എല്ലാം പൂട്ടിക്കെട്ടി. രണ്ടോ മൂന്നോ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജയേട്ടന്റെ വിളി ”എങ്ങനെ പോകുന്നെടാ കാര്യങ്ങള്‍?”, ഇങ്ങനെയൊക്കെ പോകുന്നുവെന്നു ഞാന്‍ പറഞ്ഞു.”
”ഇത്തിരി പൈസ അക്കൌണ്ടില്‍ ഇട്ടിട്ടുണ്ട് ട്ടോ”. വേണ്ട എന്ന് പറയാവുന്ന സാഹചര്യം ആയിരുന്നില്ല. ജയസൂര്യ എന്ന നടന് എന്നെ പോലെ ഒരാളെ ഓര്‍ത്തു സഹായിക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല. ഇതും നന്മമരം ചമയലിന്റെ ഭാഗമാകാം. അറിയില്ല” എന്നാണ് രതീഷ് രഘുനന്ദന്റെ കമന്റ്.
‘ഉടല്‍’ എന്ന സിനിമ സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ സംവിധായകനാണ് രതിഷ് രഘുനന്ദന്‍. രതീഷിന്റെ രണ്ടാമത്തെ ചിത്രമായ ‘തങ്കമണി’യില്‍ ദിലീപ് ആയിരുന്നു നായകനായി അഭിനയിച്ചത്. ആദ്യ സിനിമയായ ഉടല്‍ തിയേറ്ററിലും പിന്നീട് ഒ.ടി.ടിയില്‍ എത്തിയപ്പോഴും ശ്രദ്ധ നേടിയിരുന്നു.