വാരിയംകുന്നന്‍ സിനിമ സംവിധാനം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് സംവിധായകന്‍ സിദ്ദീഖ് ചേന്ദമംഗല്ലൂര്‍. വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറിയതിന് പിന്നാലെയാണ് സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച് സിദ്ദിഖ് ചേന്ദമംഗല്ലൂര്‍ രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരണം.
”വാരിയംകുന്നന്റെ യഥാര്‍ത്ഥ ചരിത്രമാണ് കേരളജനത ആഗ്രഹിക്കുന്നതെങ്കില്‍ സംവിധാനം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ഇന്ന് രാത്രി 8 മുതല്‍ 10 മണി വരെ നിരവധി പ്രൊഡക്ഷന്‍ ടീമുമായി സംസാരിച്ചു. നട്ടെല്ല് പണയം വെയ്ക്കാത്ത ഒരു നായകന്‍ കുഞ്ഞഹമ്മദ് ഹാജി എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷം ധരിക്കും എന്നത് ഉറപ്പ്. നിലവിലെ നിര്‍മ്മാതാക്കളും സ്‌ക്രിപ്റ്റ് ഡയറക്ടറും തയ്യാറാണങ്കില്‍ ഉറക്കെ വിളിച്ചു പറയൂ. മതേതര മണ്ണില്‍ വര്‍ഗ്ഗീയതയും ഭീഷണിയും വാഴില്ലെന്ന്” എന്നാണ് സംവിധായകന്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, സംവിധായകന്‍ ഒമര്‍ലുലുവും ലീഗ് സംസ്ഥാന സെക്രട്ടറിയും വാരിയംകുന്നന്‍ സംവിധാനം ചെയ്യാമെന്നും നിര്‍മ്മിക്കാമെന്നും സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ആഷിഖ് അബുവും പൃഥ്വിരാജും ചിത്രത്തില്‍ നിന്നും പിന്മാറിയത്. 2020 ജൂണിലാണ് ചിത്രം പ്രഖ്യാപിച്ചത്.
സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ആഷിഖ് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേന്ദ്ര കഥാപാത്രമാവുന്ന മൂന്ന് സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു.
പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്‍, അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകള്‍.