ബാബു ആന്റണിയെ നായകനാക്കി 15 കോടി മുടക്കാന്‍ തയ്യാറാണെങ്കില്‍ വാരിയംകുന്നന്‍ സിനിമ ഒരുക്കാന്‍ താന്‍ തയ്യാറാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ബാബു ആന്റണിയെ നായകനാക്കി മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങളുള്ള ഒരു വാരിയന്‍കുന്നന്‍ ഒരുക്കും എന്നാണ് ഒമര്‍ ലുലു പറയുന്നത്.
”പ്രീബിസിനസ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയന്‍കുന്നന്‍ വരും” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ”ഒമര്‍ ലുലു വിചാരിച്ചാല്‍ നടനെയും കിട്ടും നിര്‍മ്മാതാവിനെയും കിട്ടും പടം വിജയിക്കും ട്രൈ ചെയ്തൂടെ” എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ആഷിഖ് അബുവും പൃഥ്വിരാജും ചിത്രത്തില്‍ നിന്നും പിന്മാറിയത്. 2020 ജൂണിലാണ് ചിത്രം പ്രഖ്യാപിച്ചത്. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ആഷിഖ് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേന്ദ്ര കഥാപാത്രമാവുന്ന മൂന്ന് സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു.
പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്‍, അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകള്‍.