മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും സംവിധായകനുമായ പി. പത്മരാജൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 33 വർഷങ്ങൾ തികയുന്നു. ഒരു സാഹിത്യകാരൻ എന്ന നിലയിലും ഫിലിംമേക്കർ എന്ന നിലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ്വം ചില കലാകാരന്മാരിൽ ഒരാളാണ് മലയാളികൾ പപ്പേട്ടൻ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന പത്മരാജൻ.
ഭരതൻ സംവിധാനം ചെയ്ത് 1975- ൽ പുറത്തിറങ്ങിയ പ്രയാണം എന്ന ചിത്രത്തിന് തിരക്കഥയെഴുതി കൊണ്ടാണ് പത്മരാജൻ സിനിമ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഐ. വി ശശിയുടെയും കെ. ജി ജോർജിന്റെയും കെ. എസ് സേതുമാധവന്റെയും സിനിമകൾക്ക് തിരക്കഥയെഴുതുകയുണ്ടായി. പിന്നീട് ‘പെരുവഴിയമ്പലം’ എന്ന തന്റെ നോവലിനെ ആസ്പദമാക്കി അതേപേരിൽ സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് പത്മരാജൻ സ്വാതന്ത്ര സംവിധായകനാവുന്നത്.
ഒരുപക്ഷേ സാഹിത്യത്തിലും സിനിമയിലും ഒരുപോലെ പ്രശസ്തനായ ചുരുക്കം ചില വ്യക്തികളിൽ ഒരാളാവും പത്മരാജൻ. പെരുവഴിയമ്പലം ആ വർഷത്തെ മികച്ച മലയാളം ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു. കൂടാതെ 1986-ൽ തിങ്കളാഴ്ച നല്ല ദിവസം എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു ദേശീയ അവാർഡ് കൂടെ പത്മരാജൻ നേടി. കൂടാതെ 6 തവണ സ്റ്റേറ്റ് അവാർഡും പത്മരാജൻ കരസ്ഥമാക്കിയിട്ടുണ്ട്.
ജനുവരിയുടെ നഷ്ടമായി, ഒരു വേദനയായി ഇന്നും പത്മരാജൻ മലയാളികളുടെ ഓർമ്മകളിൽ ജീവിക്കുന്നു. ഞാൻ ഗന്ധർവൻ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് കോഴിക്കോടുള്ള ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് പത്മരാജൻ മരണപ്പെട്ടത്. മലയാളികൾക്ക് മുന്നിൽ ഒരു ഗന്ധർവ്വനായി വന്ന് കുറേ ഓർമ്മകൾ തന്ന് അയാൾ വിടവാങ്ങി, സിനിമകളും അക്ഷരങ്ങളും മാത്രം ബാക്കിയാക്കി. പത്മരാജന്റെ അവസാന നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറായിരുന്ന സിദ്ധു പനയ്ക്കല്‍.
ഫേയ്സ്ബുക്കിലൂടെയാണ് സിദ്ധു പത്മരാജനെ ഓർമ്മിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം.
“ജനുവരി 24. നഷ്ടം നവംബറിന്റേതായാലും ജനുവരിയുടേതായാലും നഷ്ടം തന്നെയാണ്. അവനവന്റെ നഷ്ടങ്ങള്‍ എല്ലാവര്‍ക്കും വലുതാണ്. പക്ഷെ എല്ലാവരും ഒരുപോലെ വലുതാണ് എന്നു കരുതുന്ന ചില നഷ്ടങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് മലയാളികളുടെ പ്രിയ കഥാകാരന്‍. സംവിധായകന്‍ പദ്മരാജന്‍ സാറിന്റെ വേര്‍പാട്.
1991 ജനുവരി ഭരതം പടത്തിന്റെ ഷൂട്ടിംഗ് ആയി ബന്ധപെട്ടു ഞങ്ങള്‍ കോഴിക്കോടുണ്ട്. തിരക്കഥയില്‍ വന്ന ഒരു മാറ്റം കാരണം പറഞ്ഞ തീയ്യതിക്ക് പടം തുടങ്ങാന്‍ കഴിഞ്ഞില്ല. ഒരാഴ്ച താമസിച്ചാണ് തുടങ്ങിയത്. ഷൂട്ടിംഗിനു റെഡിയായി വന്ന എല്ലാവരും മഹാറാണിയില്‍ താമസിക്കുന്നു. ഒരു ദിവസം രാവിലെ സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍ സാര്‍ എന്നെ വിളിച്ചു. പെട്ടെന്ന് രണ്ടു കാര്‍ വരാന്‍ പറയണം സിദ്ധാര്‍ത്ഥനും വരൂ, അദ്ദേഹം തിരക്കിട്ടു താഴേക്കു നടന്നു ഞാനും.
താഴെ സിബി മലയില്‍ സാറും ആനന്ദകുട്ടേട്ടനും റെഡി ആയി നില്‍പുണ്ടായിരുന്നു. ഒരു കാര്‍ ലാലേട്ടനു വേണ്ടി മഹാറാണിയില്‍ നിര്‍ത്തിയിട്ടു മറ്റൊന്നില്‍ ഞങ്ങള്‍ പാരമൗണ്ട് ടൗവറിലേക്കു പുറപ്പെട്ടു. ഹോട്ടലില്‍ പദ്മരാജന്‍ സാറിന്റെ മുറിയിലെത്തി. ബെഡില്‍ പാതി അടഞ്ഞ മിഴികളുമായി ഒരിക്കലും ഉണരാത്ത ഉറക്കത്തിലായിരുന്നു പദ്മരാജന്‍ സാര്‍. ഞങ്ങള്‍ റൂമില്‍ എത്തി അല്പസമയത്തിനുള്ളില്‍ ലാലേട്ടന്‍ പിവിഎസ് ഹോസ്പിറ്റലിലെ ഡോക്ടറുമായി വന്നു. നിസ്സഹായരായിരുന്നു എല്ലാവരും.
പറന്നകന്ന ഗന്ധര്‍വനെ നോക്കി എല്ലാരും ശോകമൂകരായി. ഗുഡ് നൈറ്റ് മോഹന്‍സര്‍, നിതീഷ് ഭരദ്വാജ്, ഗാന്ധിമതി ബാലേട്ടന്‍ എല്ലാരും വിങ്ങിപൊട്ടലിന്റെ വക്കത്തായിരുന്നു. ലാലേട്ടന്റെ നേതൃത്വത്തില്‍ പിന്നീട് കാര്യങ്ങള്‍ വളരെ പെട്ടെന്നു നടന്നു. നിയമപരമായ കാര്യങ്ങള്‍ക്കും മഹാറാണിയിലെ പൊതുദര്‍ശനത്തിനും ശേഷം നഗരം തങ്കളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരന് വിട നല്‍കി.
ലാലേട്ടനടക്കം പ്രമുഖര്‍ അനുഗമിച്ചു. ആംബുലന്‍സ് അകലെ മാഞ്ഞു പോകുമ്പോള്‍ പദ്മരാജന്‍ സാറിന്റെ പല കഥാപാത്രങ്ങളും മനസ്സില്‍ തെളിഞ്ഞു വന്നു. തൂവാനതുമ്പികളിലെ മണ്ണാര്‍ത്തോടി ജയകൃഷ്ണന്‍, ക്ലാര കൂടെവിടെയിലെ ക്യാപ്റ്റന്‍ തോമസ്, ഇതാ ഇവിടെവരെ യിലെ വിശ്വനാഥന്‍, പൈലി, അമ്മിണി. മൂന്നാംപക്കത്തിലെ അപ്പൂപ്പന്‍, കവല. പെരുവഴിയമ്പലത്തിലെ രാമന്‍. ദേശാടനക്കിളി കരയാറില്ല യിലെ നിമ്മി. ശാലിനി എന്റെ കൂട്ടുകാരിയിലെ ശാലിനി.
നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമന്‍, പോള്‍ പൈലോക്കാരന്‍ സോഫിയ. അപരനിലെ വിശ്വനാഥന്‍. കാണാമറയത്തിലെ റോയ് വര്‍ഗീസ്. കരിയിലകാറ്റുപോലെ യിലെ അച്യുതന്‍കുട്ടി, ഹരികൃഷ്ണന്‍. തകരയിലെ ചെല്ലപ്പനാശാരി, തകര. കള്ളന്‍ പവിത്രനിലെ പവിത്രന്‍, സീസണിലെ ജീവന്‍, രാപ്പാടികളുടെ ഗാഥ യിലെ ഗാഥ, രതിനിര്‍വേദത്തിലെ രതിച്ചേച്ചി, അങ്ങനെ പലരും.
പ്രണയവും രതിയും പകയും പ്രതികാരവും ഇത്ര മനോഹരമായി സമന്വയിപ്പിച്ച തിരക്കഥാകൃത്തുക്കള്‍ നമുക്കധികം ഉണ്ടായിട്ടില്ല. ഭൂമിയില്‍ താന്‍ വിട്ടു പോകുന്ന പ്രിയപ്പെട്ടവര്‍ക്കായി ഒരുപാട് ബാക്കി വെച്ചിട്ടാണ് ഈ നക്ഷതങ്ങളുടെ കാവല്‍ക്കാരന്‍ പോയ്മറഞ്ഞത്. ചെറുകഥകള്‍, നോവലുകള്‍,തിരക്കഥകള്‍, സിനിമകള്‍… അങ്ങനെ ഒരുപാട്.
ഞാന്‍ ഗന്ധര്‍വ്വന്‍’ എന്റെ ഗുരുനാഥന്‍ മോഹനേട്ടന്‍ വര്‍ക്ക് ചെയ്ത സിനിമയാണ്. ഞാനും കുറച്ചു ദിവസം അതില്‍ വര്‍ക്ക് ചെയ്തിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മോഹനേട്ടന്‍ എന്നെ മോഹനേട്ടന്റെ വേറൊരു പടത്തിനു അയച്ചു. ഗന്ധര്‍വ്വന്‍ സിനിമയുടെ പ്രമോഷന്‍ വര്‍ക്കുകളുടെ ഭാഗമായാണ് പദ്മരാജന്‍ സാറും ടീമും കോഴിക്കോട് എത്തിയത്. രാത്രിയില്‍ നഗരത്തിലെ ഒരു തീയേറ്ററില്‍ ഗന്ധര്‍വ്വന്‍ പ്രത്യക്ഷ പെട്ടശേഷം റൂമില്‍ വന്നു കിടന്നതായിരുന്നു എല്ലാരും. പിന്നീട് നടന്നതാണ് ഞാന്‍ ആദ്യം വിശദീകരിച്ചത്.
ഞാന്‍ ഗന്ധര്‍വ്വന്‍ സിനിമയുടെ അവസാന ഭാഗങ്ങളില്‍ ഒരു അശരീരി ഉണ്ട്. ആ അശരീരി കേട്ടു കൊണ്ടായിരിക്കാം പദ്മരാജന്‍ സാറും ടീമും തിയേറ്റര്‍ വിട്ടത്. ‘സൂര്യ സ്പര്‍ശമുള്ള പകലുകളില്‍ ഇനി നീ ഇല്ല. പകലുകള്‍ നിന്നില്‍ നിന്നും ചോര്‍ത്തി കളഞ്ഞിരിക്കുന്നു. ചന്ദ്രസ്പര്ശമുള്ള രാത്രികളിലും നിനക്കുള്ളത് ഇന്നത്തെ രാത്രി മാത്രം.
ഈ രാത്രിയുടെ 17 മത്തെ കാറ്റു വീശുമ്പോള്‍ നീ ഭൂമിയില്‍ നിന്ന് യാത്രയാകും. ഒന്നിനും നിന്നെ തിരിച്ചു വിളിക്കാനാവില്ല’…. രാധാലക്ഷ്മി ചേച്ചി യുടെ പൊട്ടിക്കരച്ചിലിനോ.. അനന്തപദ്മനാഭന്റെ ഹൃദയബേധകമായ നിലവിളിക്കോ.. മകളുടെ നെഞ്ച്‌പൊട്ടിയുള്ള വിലാപത്തിനോ, ഒന്നിനും.”