മലയാളത്തില്‍ സര്‍ക്കാസ്റ്റിക്കായി വിമര്‍ശിക്കുന്നവര്‍ കൂടുതലാണ്, ട്രോളുകള്‍ക്ക് പിന്നാലെ പോകാന്‍ വയ്യ: രമ്യ നമ്പീശന്‍

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി രമ്യ നമ്പീശന്‍ വൈറസിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഈ ഇടവേളയില്‍ തമിഴിലും തെലുങ്കിലും രമ്യ സജീവമായിരുന്നു. വിര്‍ശനത്തിന്റെ കാര്യം നോക്കിയാല്‍ മലയാളത്തില്‍ സര്‍ക്കാസ്റ്റിക്കായി വിമര്‍ശിക്കുന്നവര്‍ കൂടുതലാണെന്നും, തമിഴില്‍ ആ പ്രവണത കുറവാണെന്നുമാണ് രമ്യ പറയുന്നത്.

“തമിഴ് ആണെങ്കിലും മലയാളം ആണെങ്കിലും നന്നായി അഭിനയിക്കുന്നതിലാണ് കാര്യം. ഭാഷയൊന്നും പ്രശ്‌നമല്ല. വിമര്‍ശനങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍, നമ്മുടെ നാട്ടില്‍ സര്‍ക്കാസ്റ്റിക്കായി വിമര്‍ശിക്കുന്നവര്‍ കൂടുതലാണ്. തമിഴില്‍ ആ പ്രവണത കുറവാണ്. ഞാന്‍ പലപ്പോഴും അഭിമുഖം കൊടുക്കാറില്ല. ട്രോളിന് പിറകെ പോകാന്‍ വയ്യ. ട്രോള്‍ കാരണം വിഷാദത്തിലേക്ക് പോയവര്‍ വരെയുണ്ട്.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ രമ്യ പറഞ്ഞു.

വൈറസില്‍ ജോജുവിന്റെ ഭാര്യയുടെ വേഷമാണ് രമ്യയ്ക്ക്. വൈറസിലെ തന്റെ കഥാപാത്രം ഇതുവരെ ചെയ്തവയില്‍ നിന്നും വ്യത്യസ്തമാമെന്നാണ് രമ്യ പറയുന്നത്. “ആദ്യം എന്റെ അഭിനയം കുറച്ച് ഓവറാണോ എന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. അതെക്കുറിച്ച് ആഷിഖിനോട് ഞാന്‍ പറഞ്ഞിരുന്നു. തുടക്കത്തില്‍ എനിക്ക് എന്തൊക്കെയോ പ്രശ്‌നങ്ങള്‍ തോന്നിയിരുന്നു. ഭാഷ, സംസാര ശൈലി അതൊക്കെ ശ്രദ്ധിക്കണം. സ്വാഭാവികമായാണ് ഞങ്ങള്‍ അഭിനയിച്ചത്.” രമ്യ പറഞ്ഞു. 2015 ല്‍ റിലീസ് ചെയ്ത സൈഗാള്‍ പാടുകയാണ് എന്ന സിനിമയിലായിരുന്നു രമ്യ ഒടുവിലായി മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്.