നിലവില്‍ മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്തു വച്ചിട്ടുള്ള നായികയാണ് രമ്യ നമ്പീശന്‍. കരിയറിലെ ആദ്യ ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പാളിയോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് രമ്യ നമ്പീശന്‍ ഇപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചിരിക്കുന്നത്.
‘ട്രാഫിക്’ സിനിമ മുതലാണ് തന്റെ കരിയര്‍ മാറിയത് എന്നാണ് ഇതിന് മറുപടിയായി് രമ്യ പറയുന്നത്. മാത്രമല്ല ‘ചാപ്പ കുരിശ്’ എന്ന ചിത്രത്തില്‍ ലിപ്‌ലോക് ചെയ്യാനുള്ള തീരുമാനം എടുത്തതിനെ കുറിച്ചും രമ്യ സംസാരിക്കുന്നുണ്ട്. ”കരിയറില്‍ മാറ്റം വരുന്നത് ട്രാഫിക് സിനിമ മുതലാണ്. ബോബി സഞ്ജയ്, രാജേഷ് പിള്ള, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് നന്ദി.”
”അവര്‍ ആ റോളിലേക്ക് എന്നെ തീരുമാനിച്ചതിനാലാണ് ചാപ്പാ കുരിശ്, ഈ അടുത്ത കാലത്ത്, പിസ, ഒക്കെ സംഭവിക്കുന്നത്. പലരും വേണ്ടെന്ന വച്ച റോളുകള്‍ എന്നിലേക്ക് എത്തിയിട്ടുണ്ട്. അവ കരിയറിലെ ഓര്‍ക്കപ്പെടുന്ന സിനിമകളുമായി. തമിഴില്‍ സേതുപതി അങ്ങനെ ഒന്നാണ്.”
”ചാപ്പാ കുരിശ് സിനിമയിലെ ലിപ്‌ലോക്ക് സീന്‍ ചെയ്യാന്‍ അല്‍പം ടെന്‍ഷനുണ്ടായിരുന്നു. പലരോടും ഉപദേശം തേടി. കഥയ്ക്ക് ആവശ്യമെങ്കില്‍ നീയത് ചെയ്യണം എന്ന് പറഞ്ഞത് അച്ഛനും അമ്മയുമാണ്. ഏറ്റെടുത്ത കഥാപാത്രം പൂര്‍ണതയോടെ ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട് എന്നാണ് അച്ഛന്‍ പറഞ്ഞത്.”
”റിയല്‍ ലൈഫും റീല്‍ ലൈഫും ഒന്നായി കാണുന്നതെന്തിന്.. റീല്‍ ലൈഫില്‍ ആ കഥാപാത്രം അങ്ങനെ ചെയ്യുന്നത് റിയല്‍ ലൈഫുമായി ബന്ധപ്പെടുത്തേണ്ടതില്ല. ആ സീന്‍ ഇല്ലെങ്കില്‍ ചാപ്പാ കുരിശ് എന്ന സിനിമയ്ക്ക് റെലവന്‍സില്ല. അതിനാല്‍ ആ സീനുകള്‍ മാറ്റുകയില്ല.”
”എന്നെ ഒഴിവാക്കുക എന്നതാണ് പോം വഴി. അപ്പോള്‍ നഷ്ടം എനിക്കാണ്. നല്ലൊരു കഥാപാത്രം കൈ വിട്ടു പോകും. അങ്ങനെയൊരു സാഹചര്യത്തില്‍ ബാക്കിയുള്ളവര്‍ എന്ത് പറഞ്ഞാലും ഹൗ യു ടേക്ക് ഇറ്റ് എന്നേയുള്ളൂ” എന്നാണ് രമ്യ നമ്പീശന്‍ പറയുന്നത്.