മഞ്ജു വാര്യര്‍, സുരേഷ് ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിറ്റ് ചിത്രമായിരുന്നു 1999 ല്‍ തീയേറ്ററുകളിലെത്തിയ ‘പത്രം’. ശക്തമായ സംഭാഷണങ്ങള്‍കൊണ്ടും, മഞ്ജു വാര്യറുടെ കരുത്തുറ്റ പ്രകടനം കൊണ്ടു ശ്രദ്ധിക്കപ്പെട്ട സിനിമ രണ്‍ജി പണിക്കരുടെ ഹിറ്റ് ചാര്‍ട്ടികളില്‍ ഒന്നാണ്.
എന്നാല്‍ പത്രം സിനിമ വെളിച്ചം കാണാന്‍ തനിക്കേറെ പണിപ്പെടേണ്ടി വന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്ത് രണ്‍ജി പണിക്കര്‍. ട്വന്റിഫോറുമായുള്ള അഭിമുഖത്തിലാണ് രണ്‍ജി പണിക്കര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.
‘പത്രം എന്ന സിനിമ കേരളത്തില്‍ സെന്‍സര്‍ ചെയ്തില്ല. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെല്ലാം സിനിമ കണ്ട് എഴുനേറ്റ് പോയി. ഞാന്‍ വാതിലില്‍ കൈ വച്ച് തടഞ്ഞ് നിര്‍ത്തിയിട്ട് പറഞ്ഞു ‘ ഫീസ് കെട്ടിയിട്ടാണ് പണം സെന്‍സറിംഗിന് നല്‍കുന്നത്. എന്തെങ്കിലും പറഞ്ഞിട്ട് പോകണം’ എന്ന് പറഞ്ഞു. ആശാ പരേഖാണ് അന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍. പടം സെന്‍സര്‍ ചെയ്യാന്‍ അവര്‍ വിസമ്മതിച്ചു.
അന്ന് പ്രമോദ് മഹാജന്റെ അടുത്ത് ഞാന്‍ വിഷയം അവതരിപ്പിച്ചു. മാധ്യമങ്ങള്‍ ഈ സിനിമയക്കെതിര് നില്‍ക്കുന്നത് എന്തിനാണ് ? ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളേണ്ടത് അവരല്ലേ ? അങ്ങനെയെങ്കില്‍ ഈ ചിത്രത്തില്‍ എന്തോ ഉണ്ട്. അന്ന് അഞ്ച് മണിക്കുള്ളില്‍ സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തന്റെ ടേബിളില്‍ എത്തണമെന്ന് അന്ത്യശാസന നല്‍കിയതുകൊണ്ടാണ് പത്രം എന്ന സിനിമ വെളിച്ചം കണ്ടത്’. രണ്‍ജി പണിക്കര്‍ പറഞ്ഞു.