ഡബ്ബിംഗിനെ അമിതമായി ആശ്രയിക്കുന്ന അഭിനേതാക്കളുടെ മനോഭാവം മാറേണ്ടതുണ്ട്: റെസൂല്‍ പൂക്കുട്ടി

സിങ്ക് സൗണ്ട് റെക്കോര്‍ഡിംഗ് നേരിടുന്ന മുഖ്യ വെല്ലുവിളി അഭിനേതാക്കളുടെ മനോഭവമാണെന്ന ഓസ്‌കാര്‍ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി. സിങ്ക് സൗണ്ട് റെക്കോര്‍ഡിംഗിലെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഹോട്ടല്‍ ഹൈസിന്തില്‍ നടന്ന സാങ്കേതിക ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടത്തില്‍ എത്ര ദീര്‍ഘമായ ഡയലോഗുകള്‍ ആയാലും അത് പഠിച്ച് അവതരിപ്പിക്കാന്‍ അഭിനേതാക്കള്‍ക്ക് കഴിയുന്നുണ്ട്. എന്നാല്‍ സിനിമയിലേക്ക് വരുമ്പോള്‍ അങ്ങനെയല്ല. ദീര്‍ഘമായ സംഭാഷണങ്ങള്‍ പഠിച്ച് അവതരിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല. അതിനാല്‍ ഡബ്ബിംഗിനെ ആശ്രയിക്കേണ്ടതായി വരുന്നു. താരങ്ങള്‍ ഈ മനോഭാവം മാറ്റേണ്ടതുണ്ട്. പൂക്കുട്ടി പറഞ്ഞു.

സിങ്ക് സൗണ്ട് നല്‍കുന്ന ഫീല്‍ നല്‍കാന്‍ ഡബ്ബിംഗിന് കഴിയില്ല. അതിന് അതിന്റേതായ പോരായ്മകളുണ്ട്. ഒരു കഥാസന്ദര്‍ഭത്തില്‍ ഉരുത്തിരിയുന്ന തീവ്രതയയും പശ്ചാത്തലവും അത്രമേല്‍ സ്റ്റുഡിയോയില്‍ പുന:സൃഷ്ടിക്കാന്‍ കഴിയില്ല. യഥാര്‍ത്ഥ തനിമ അവിടെ നഷ്ടപ്പെടുന്നു. അത് കാഴ്ച്ചക്കാരോട് ചെയ്യുന്ന നെറികേടാണ്. അവര്‍ സിനിമ കാണാന്‍ മുടക്കുന്ന കാശിന് തക്ക നിലവാരം അവര്‍ക്ക് ലഭിക്കണം. താരങ്ങള്‍ സീരിയസ്സായി സിനിമയെ സമീപിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.