സിനിമയാണ് അന്നം; റിച്ചിയെ വിമര്‍ശിച്ച രൂപേഷിന് മറുപടിയുമായി സംവിധായകന്‍

നിവിന്‍ പോളി ചിത്രമായ റിച്ചിയെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ രൂപേഷ് പീതാംബരന് മലയാള സംവിധായകന്‍ അനില്‍ കെ നായരുടെ മറുപടി. സിനിമയിറങ്ങി മണിക്കൂറുകള്‍ക്കകം നെഗറ്റീവ് റിവ്യൂ ഇട്ടത് തെറ്റായിപോയെന്നും സിനിമയാണ് നമ്മുടെ അന്നമെന്നും അനില്‍ ഫെയസ്ബുക്കിലൂടെ വ്യക്തമാക്കി.

രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടന്തേ എന്ന കന്നഡ ചിത്രത്തിന്റെ റീമേക്കായ റിച്ചി ഒരു മാസ്റ്റര്‍പീസ് ആയിരുന്നു. ആ സിനിമയെ റീമേയ്ക്ക് ചെയ്ത് പീസ് ആക്കി കളഞ്ഞെന്നാണ് രൂപേഷ് പീതാംബരന്‍ ഫെയ്‌സ്ബുക്കല്‍ കുറിച്ചത്. തുടര്‍ന്ന് നിവിന്‍ പോളി ഫാന്‍സില്‍ നിന്നും മറ്റും രൂക്ഷ വിമര്‍ശനം വന്നതിനെ തുടര്‍ന്ന് രൂപേഷ് മാപ്പു പറഞ്ഞിരുന്നു.

അനില്‍ കെ നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Read more

… രൂപേഷ് ,നിങ്ങള്‍ക്ക് ഒരു സിനിമയെ പറ്റി എഴുതാന്‍ പൂര്‍ണ്ണ സാതന്ത്രമുണ്ട് പക്ഷെ ഒരു സിനിമ ഇറങ്ങി മണിക്കൂറുകള്‍ക്കകം നെഗറ്റീവ് റിവ്യൂ എഴുതി നാലാംകിട മഞ്ഞ പത്ര ലൈനില്‍ എന്തിനായിരുന്നു അത്.മുന്‍പ് രൂപേഷ് സംവിധാനം ചെയ്ത സിനിമകള്‍ മാസ്റ്റര്‍ പീസായിരുന്നൊ? അല്ലെങ്കില്‍ തന്നെ ഒന്നു പറയൂ ആരാണ് മലയാളത്തിന്റെ കുറുസോ വാ?ആരാണ് മലയാളത്തിന്റെ സ്പില്‍ബര്‍ഗ്ഗ്? രൂപേഷിനറിയാം ഒരു സിനിമയുടെ പിന്നിലെ നിര്‍മ്മാതാവിന്റെ,നടന്റെ, മറ്റ് നാനാവിധ ടെക്‌നീഷ്യന്റെ എന്തിന് ഒരു പ്രൊഡക്ഷന്‍ ബോയിടെ വരെ കഷ്ടപ്പാട്.ഇവിടെ ഗൗതം അയാളുടെ തനതായ രീതിയില്‍ ഒരു സിനിമ ചെയ്തു.അതിനെന്തിനാണ് ഇപ്പോള്‍ ഒരു കമ്പാരിസണ്‍. എത്രയെത്ര സിനിമകളാണ് ആദ്യത്തെ ദിവസത്തിന് ശേഷം കയറി വന്നിട്ടുള്ളത്. നിവിന്റെ തന്നെ ആക്ഷണ്‍ ഹീറോ ബിജു എല്ലാ നെഗറ്റീവ് അഭിപ്രായത്തെ മറികടന്ന് കയറി വന്നില്ലേ? ഞണ്ടുകള്‍ എങ്ങനെയായിരുന്നു. നിങ്ങളൊക്കെ ഒന്നു ക്ഷമിക്കൂ സിനിമ ആളുകള്‍ പോയി കാണട്ടെ… ജനങ്ങള്‍ തീരുമാനിക്കട്ടെ.. രൂപേഷിന്റെ സിനിമയും വരട്ടെ… വിജയിക്കട്ടെ.. ഓര്‍ക്കുക സിനിമ നമ്മുടെ അന്നമാണ് രൂപേഷ്…