നാല് കൊല്ലമായി ചോദിക്കുന്ന കാര്യമാണ്; ഞങ്ങളുടെ ജീവിതവും കരിയറും കളഞ്ഞിട്ടുള്ള കളിയാണ് ഇത്; ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പ്രതികരണവുമായി റിമ കല്ലിങ്കൽ

ഹേമ കമ്മീഷൻറെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടിയും ഡബ്ല്യുസിസി അംഗവുമായ റിമ കല്ലിങ്കൽ. റിപ്പോർട്ടിൽ കമ്മീഷൻ എന്താണ് നിർദ്ദേശിച്ചിട്ടുള്ളതെന്ന് ഡബ്ല്യുസിസി നോക്കുമെന്നും, അതിന് ശേഷം മാത്രമായിരിക്കും ഭാവിയിലേക്കുള്ള കാര്യങ്ങൾ തീരുമാനിക്കുകയെന്നും റിമ പറയുന്നു.

“255 പേജുള്ള റിപ്പോർട്ട് ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ആ റിപ്പോർട്ട് വായിക്കും, വായിച്ചതിന് ശേഷം പ്രതികരിക്കും. റിപ്പോർട്ടിൽ കമ്മിഷൻ എന്താണ് നിർദ്ദേശിച്ചിട്ടുള്ളത് എന്ന് ഡബ്ല്യു സി സി നോക്കും. അതിനു ശേഷം ആയിരിക്കും ഭാവിയിലേക്കുള്ള കാര്യങ്ങൾ തീരുമാനിക്കുക. ഞങ്ങൾക്കും ഇപ്പോഴാണ് റിപ്പോർട്ട് കിട്ടിയത്. ഞങ്ങൾ നാലു കൊല്ലമായി ചോദിക്കുന്ന റിപ്പോർട്ടാണ്. കൃത്യമായി വായിച്ചതിനു ശേഷം ഞങ്ങൾ ഉറപ്പായും പ്രതികരിക്കും. റിപ്പോർട്ട് പുറത്തു വന്നതിൽ സന്തോഷമുണ്ട്. ഒരുപാടുപേരുടെ ഒരുപാടു കൊല്ലത്തെ ചോരയും നീരുമാണ്. ഞങ്ങളുടെ ജീവിതവും കരിയറും കളഞ്ഞിട്ടുള്ള കളിയാണ് ഇത്. റിപ്പോർട്ട് പുറത്തുവന്നതിൽ ഒരുപാട് ഒരുപാട് സന്തോഷമുണ്ട്.” എന്നാണ് റിമ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മലയാള സിനിമയെ നയിക്കുന്നത് പ്രമുഖ നടന്റെ മാഫിയ ആണെന്നും, അവർക്ക് സിനിമയിൽ എന്തും ചെയ്യാൻ സാധിക്കുമെന്നും, അവരുടെ സ്വാധീനം ഉപയോഗിച്ച് സംവിധായകരെയും നിർമ്മാതാക്കളെയും എഴുത്തുകാരെയും താരങ്ങളെയും നിയന്ത്രിക്കുന്നുവെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ സിനിമയിൽ നിന്നും വിലക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ പുരുഷ മേധാവിത്വവും, സ്ത്രീ വിരുദ്ധതയും തെളിവുകളുടെ അടിസ്ഥാനത്തിൽ 233 പേജുകൾ ഉള്ള റിപ്പോർട്ടിൽ വെളിപ്പെടുമ്പോൾ വലിയ പ്രാധാന്യത്തോടെയാണ് കേരള സമൂഹം ഇപ്പോൾ ചർച്ചചെയ്യുന്നത്.

മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ലൂസിഫർ’ സിനിമയുടെ സെറ്റിൽ എത്തി കമ്മീഷൻ മൊഴി രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാവാത്ത കുട്ടികൾ വരെ സിനിമയുടെ പേരിൽ അതിക്രമത്തിന് ഇരയാവുന്നുണ്ടെന്നാണ് ഹേമ കമ്മീഷൻ പറയുന്നത്. അറുപതോളം പേജുകൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല. എന്നാൽ മലയാള സിനിമയിലെ എല്ലാ പുരുഷന്മാരും ചൂഷകരല്ല എന്നും സ്ത്രീകളോട് വളരെ മാന്യമായി പെരുമാറുന്ന വ്യക്തികളും സിനിമയിൽ നിലനിൽക്കുന്നുണ്ടെന്നും ഹേമ കമ്മീഷൻ പറയുന്നു.

അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തത് സിനിമ സെറ്റിൽ സ്ത്രീകൾ നേരിടുന്ന വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മൂത്രമൊഴിക്കാൻ ബാത്ത്റൂം സൗകര്യം ഇല്ലാത്തതുകൊണ്ട് തന്നെ ഷൂട്ട് ഉള്ള സമയത്ത് പലപ്പോഴും വെള്ളം കുടിക്കാതെ ഇരിക്കുന്നതിനാൽ മൂത്രാശയ രോഗങ്ങൾ ഉണ്ടാവുന്നുവെന്നും ഹേമ കമ്മീഷനോട് നടിമാർ പറയുന്നു. സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ‘മീ ടു പേഴ്‌സണ്‍’ എന്ന ടാഗ് നൽകി മാറ്റിനിർത്തപ്പെടുമെന്നും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പ്രോബ്ലം മേക്കര്‍, മീ ടു പേഴ്‌സണ്‍ ടാഗുകള്‍ ചാര്‍ത്തുന്നുവെന്നും ഹേമ കമ്മീഷൻ വെളിപ്പെടുത്തുന്നു.

മാക്ട സംഘടന തകർന്നത് ഒരു പ്രമുഖ നടന്റെ ഇടപെടലിലാണെന്ന വെളിപ്പെടുത്തൽ ഹേമ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഹേമ കമ്മീഷനോട് സംസാരിക്കരുതെന്ന് സിനിമയിലെ ഡാൻസർമാർക്ക് നിർദ്ദേശമുണ്ടായിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജുഡീഷ്യല്‍ അധികാരങ്ങളുള്ള ട്രിബ്യൂണല്‍ വേണമെന്ന് ആവശ്യം. വിമരിച്ച വനിതാ ജഡ്ജിമാരെ ട്രിബ്യൂണല്‍ അധ്യക്ഷരാകണം. ട്രിബ്യൂണല്‍ വിധിക്ക് മേല്‍ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മാത്രം. ജസ്റ്റിസ് ഹേമയുടേതാണ് നിര്‍ദേശം

2017-ൽ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെതുടർന്നാണ് ഇത്തരം പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിന്റെ പരിഹാരം കാണുന്നതിനും വേണ്ടി പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, പദ്മപ്രിയ, ബീന പോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ് (WCC) രൂപീകരിക്കുന്നത്.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിർദേശത്തെ തുടർന്നാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ 2017 ജൂലൈയിൽ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുൻ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സർക്കാർ രൂപീകരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്.

വ്യക്തിഗത വിവരങ്ങൾ മറച്ചുവെക്കണമെന്ന വ്യവസ്ഥയിൽ മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളാണ് സെറ്റിൽ നേരിടേണ്ടിവന്ന പീഡനത്തെ കുറിച്ചും, കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഹേമ കമ്മീഷന് മുൻപിൽ പങ്കുവെച്ചത്. 300 പേജുള്ള റിപ്പോർട്ട് 2019 ഡിസംബർ 31-നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ സമർപ്പിക്കപ്പെട്ടത്. സമർപ്പിക്കപ്പെട്ട് അഞ്ച് വർഷങ്ങൾക്ക് ശേഷവും റിപ്പോർട്ട് പുറത്തുവിടാത്തതിൽ സിനിമയിലെ വമ്പൻ ശക്തികളുടെ ഇടപെടലുകൾ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമായിരുന്നു. ഇന്നിപ്പോൾ അറുപതോളം പേജുകൾ പൂഴ്ത്തിവെച്ച് റിപ്പോർട്ട് പുറത്തുവിടുമ്പോൾ മലയാള സിനിമയിലെ വമ്പൻ സ്രാവുകൾക്കെതിരെ ഇനിയെന്ത് നടപടിയാണ് ഭരണകൂടത്തിന്റെ ഭാഗത്ത്നിന്നും ഉണ്ടാവാൻ പോവുന്നതെന്ന് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്.

Latest Stories

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നു; 21% സംഭവങ്ങളും നടക്കുന്നത് പ്രായപൂർത്തിയാകാത്തവരുടെ വീടുകളിലാണെന്ന് റിപ്പോർട്ട്

ഐപിഎൽ 2025: നിർണായക നീക്കത്തിൽ മിന്നും താരത്തെ സ്വന്തമാക്കി ചെന്നൈ

'കട്ടൻ ചായയും പരിപ്പുവടയും' ഈപിയുടെ ആത്മകഥ വിവാദം; ഡിസി ബുക്സിൽ നടപടി, പബ്ലിക്കേഷൻ മേധാവിക്ക് സസ്പെൻഷൻ

കരുതി വെച്ച പണം ഇവന് വേണ്ടിയായിരുന്നു; ഐപിഎൽ ലേലത്തിൽ കിംഗ് കോഹ്‌ലിയുടെ ടീമിൽ ഒരു സൂപ്പർ താരം കൂടി

'കട്ടന്‍ ചായയും പരിപ്പുവടയും', ഇപിയുമായി കരാറില്ലെന്ന് പൊലീസിനോട് രവി ഡിസി; ആത്മകഥാ വിവാദം തന്നെ വ്യക്തിഹത്യ നടത്താനെന്ന് പിന്നാലെ ഇപിയുടെ പ്രതികരണം; പാര്‍ട്ടിയ്ക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല'

'പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല, കുതിക്കാൻ' - പെർത്തിൽ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്

'കരണകുറ്റിക്ക് അടികൊടുക്കല്‍' ഒഴിവാക്കി വെള്ളപൂശി.. ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്നയാള്‍ക്ക് എന്ത് യോഗ്യത: ആലപ്പി അഷ്‌റഫ്

വരവറിയിച്ച് സാധാരണക്കാരന്റെ ഫോര്‍ച്യൂണര്‍! നാല് പുതിയ 4WD എസ്‌യുവികളുമായി ടൊയോട്ട ഉടനെത്തും!

"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!