പിതാവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഗായിക റിമി ടോമി. കൈരളി ടിവിയില്‍ ജെ.ബി ജങ്ഷനില്‍ അതിഥിയായി വന്നപ്പോഴായിരുന്നു റിമി തന്റെ അച്ഛനെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചും സംസാരിച്ചത്.
പിതാവിനെക്കുറിച്ച് പറഞ്ഞ് ടിവിയില്‍ വന്നിരുന്ന് കരയാന്‍ തനിക്ക് താത്പര്യമില്ലെന്നും പക്ഷേ എല്ലാത്തിനും തുടക്കമിട്ടത് ഫെയ്‌സ്ബുക്കില്‍ വന്ന ഒരു കമന്റാണെന്നും അവര്‍ പറഞ്ഞു. റിമിയുടെ പപ്പ മരിക്കാനുള്ള കാരണം പറഞ്ഞാല്‍ റിമി എതിര്‍ക്കുമോ എന്ന് ചോദിച്ചായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ തുടക്കം തന്നെ. അപ്പോള്‍ ഞാന്‍ മനസ്സില്‍ ചിന്തിച്ചു, അതെന്തായിരിക്കും എന്ന്. റിമി അന്യദൈവങ്ങളെ ആരാധിച്ചിട്ടില്ലേ, അതുകൊണ്ടാണ് പപ്പയ്ക്ക് അങ്ങനെ സംഭവിച്ചതെന്നു പറയുകയായിരുന്നു ആ കമന്റില്‍.
അങ്ങനെ പോലും ക്രൂരമായി ചിന്തിക്കുന്ന ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. ഇവര്‍ മാത്രമല്ല, ഇതുപോലെ നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. അന്യദൈവങ്ങളെ ആരാധിച്ചു എന്നു കരുതി എന്റെ പപ്പ മരിക്കണം എന്നുണ്ടോ?
പപ്പയ്ക്ക് അസുഖമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. വളരെ ചുറുചുറുക്കോടെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുമായിരുന്നു. 57 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായത്. ചിലപ്പോള്‍ നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കില്‍ പപ്പയെ രക്ഷിക്കാമായിരുന്നു എന്ന കുറ്റബോധം ഇടയ്ക്ക് തോന്നാറുണ്ട്. പക്ഷെ, ദൈവനിശ്ചയം മാറ്റാന്‍ നമുക്കാവില്ലല്ലോ.’ റിമി ടോമി പറയുന്നു.