‘കാന്താര’ സിനിമയുടെ പ്രീക്വല്‍ ഇറക്കുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം ഋഷഭ് ഷെട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ തന്റെ രാഷ്ട്രീയ താല്‍പര്യങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. കാന്താരയ്ക്ക് ശേഷം നടന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ചാണ് ഋഷഭ് ഷെട്ടി സംസാരിച്ചത്.
താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് താരം പറയുന്നത്. അതോടൊപ്പം സമൂഹത്തിലെ മാറ്റം രാഷ്ട്രീയത്തില്‍ നിന്നാകണമെന്ന് ഇല്ലെന്നും താരം പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരെങ്കിലും സമീപിച്ചിരുന്നോ എന്ന ചോദ്യത്തോടും ഋഷഭ് പ്രതികരിക്കുന്നുണ്ട്.
മൂന്ന് പാര്‍ട്ടികളും തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തു എന്നാണ് ഋഷഭ് പറയുന്നത്. കാന്താരയുടെ 100 ദിവസം ആഘോഷിച്ച വേദിയിലാണ് താരം സംസാരിച്ചത്. അതേസമയം, കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ജൂണില്‍ തുടങ്ങാനാണ് പദ്ധതി. ചിത്രീകരണത്തിന്റെ ഒരു ഘട്ടം മഴക്കാലത്ത് നടത്തേണ്ടതായതുകൊണ്ടാണ് ജൂണ്‍ വരെ കാത്തിരിക്കുന്നത്.
കാന്താരയുടെ ആദ്യ ഭാഗം ഇനിയാണ് വരാനിരിക്കുന്നത് എന്നാണ് ഋഷഭ് ഷെട്ടി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. കാന്താരയുടെ രണ്ടാം ഭാഗമാണ് പ്രേക്ഷകര്‍ കണ്ടത്. ഒന്നാം ഭാഗം അടുത്ത വര്‍ഷം വരും എന്നാണ് ഋഷഭ് ഷെട്ടി പറഞ്ഞത്. 2024 ഏപ്രില്‍/മെയ് മാസത്തില്‍ പാന്‍ ഇന്ത്യന്‍ റിലീസായി കാന്താര 2 എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.