നടി കാവേരിയുമായി ഉണ്ടായ കേസിന് പിന്നിലെ അറിയാക്കഥകള്‍ വെളിപ്പെടുത്തി നടി പ്രിയങ്ക അനൂപ്. കാവേരിയോടും അമ്മയോടും തനിക്ക് ഇപ്പോഴും സ്നേഹം മാത്രമേയുള്ളു. ക്രൈം നന്ദകുമാറിന്റെ ക്രൂക്കഡ് മൈന്റാണ് എല്ലാത്തിനും കാരണം. എന്നെ വച്ച് കാശ് ഉണ്ടാക്കാന്‍ അയാള്‍ ശ്രമിച്ചു. ഗണേശേട്ടനെ ചേര്‍ത്തും കഥ ഉണ്ടാക്കി. സൈബറില്‍ പരാതി കൊടുത്തു എന്നാണ് പ്രിയങ്ക പറയുന്നത്. മാത്രമല്ല നടി ശ്വേതാ മേനോന്‍ ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയതിനെ പ്രിയങ്ക പ്രശംസിച്ചിട്ടുമുണ്ട്. കൗമുദി മൂവീസിനോടാണ് നടി സംസാരിച്ചത്.
പ്രിയങ്കയുടെ വാക്കുകള്‍:
അത് വല്ലാത്തൊരു യാത്രയായിരുന്നു. 20 വര്‍ഷം എന്നത് നല്ലൊരു കാലമാണ്. ആ സമയത്താണ് എന്റെ കല്യാണം, കുഞ്ഞുണ്ടാകുന്നത്, കല്യാണം മാറി പോകുന്നത് ഒക്കെ. ഗര്‍ഭിണിയായിരിക്കുന്ന സമയത്തും ഞാന്‍ ഹാജരായിട്ടുണ്ട്. അവര്‍ പറയുന്ന സമയത്തൊക്കെ പോയിട്ടുണ്ട്. സൗണ്ട് വെരിഫിക്കേഷന്‍ വേണമെന്ന് പറഞ്ഞപ്പോള്‍ അതും കൊടുത്തു. പറയുന്നതിനൊക്കെ ഞാന്‍ നിന്നു കൊടുത്തിട്ടേയുള്ളൂ. പക്ഷേ ചിലരുടെ സംസാരം കേട്ടാല്‍ തോന്നും കോടതിയിലെ മജിസ്ട്രേറ്റ് എന്റെ ബന്ധുവാണെന്ന്. അതിനാല്‍ എന്നെ വെറുതെ വിട്ടതാണെന്ന്. ഇത്രയും നാള്‍ എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണ് ഞാന്‍ നിരപരാധിയാണെന്ന് കണ്ടെത്തുന്നത്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.
സ്നേഹമുളള ഒരാളെ വിളിച്ച് ഇങ്ങനൊരു വാര്‍ത്ത വരുമെന്ന് പറഞ്ഞാതായിരുന്നു. അവരേയും കുറ്റം പറയുന്നില്ല, വേറൊരു രീതിയിലൂടെ പോയാല്‍ സത്യം അറിയാന്‍ സാധിക്കുമെന്ന് കരുതിയതാകും. ക്രൈം നന്ദകുമാറിന്റെ ക്രൂക്കഡ് മൈന്റാണ് എല്ലാത്തിനും കാരണം. കാവേരിയോടും അമ്മയോടും എനിക്കിപ്പോഴും സ്നേഹമേയുള്ളൂ. കേസിന്റെ സമയത്ത് അമ്മയെ ഒന്ന് രണ്ട് തവണ കണ്ടിരുന്നു. കാവേരിയെ പിന്നെ കണ്ടിട്ടില്ല സംസാരിച്ചിട്ടുമില്ല. അവരെ ഞാന്‍ ഒരിക്കലും വെറുക്കില്ല. എന്റെ മകള്‍ക്ക് ഒരു ബുദ്ധിമുട്ട് വരണ്ട, എന്താണെന്ന് അന്വേഷിക്കാം എന്നേ അവര്‍ കരുതിയിട്ടുണ്ടാകൂ.
പക്ഷേ ഇത് വിറ്റ് കാശാക്കാം എന്ന് അയാള്‍ കരുതി. ക്രൈം എന്ന പത്രം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഒരിക്കലും ഉപയോഗിച്ചിട്ടില്ല. അപ്പോള്‍ കിട്ടിയ ആയുധം, എന്നെ വച്ച് കാശ് ഉണ്ടാക്കാന്‍ ഉപയോഗിച്ചു. അത് പലരും വിശ്വസിച്ചു. കേസില്‍ അവസാനം ഞാന്‍ നിരപരാധിയാണെന്നു െതളിഞ്ഞു. കുറേ കമന്റുകളൊക്കെ ഞാന്‍ കണ്ടു. ഞാന്‍ കരഞ്ഞു പറഞ്ഞുവെന്ന് പറയുന്നത് കേട്ടു. പക്ഷെ ഞാന്‍ ആരോടും കരഞ്ഞിട്ടില്ല. അങ്ങനെയെങ്കില്‍ എനിക്കത് നേരത്തേ ആകാമായിരുന്നു. ഒന്നും ഉണ്ടായിട്ടില്ല. എങ്ങനെയൊക്കയോ അഭിമുഖീകരിച്ച് മുന്നോട്ട് വന്നതേയുള്ളൂ. എന്നെ കുറിച്ച് നന്ദകുമാര്‍ യൂട്യൂബില്‍ ഒരു സ്റ്റോറി ഇട്ടിരുന്നു. ഞാന്‍ അതിനെതിരെ സൈബറില്‍ കേസ് കൊടുത്തിരുന്നു.
എന്നെ വിറ്റ് കാശാക്കാന്‍ അനുവദിക്കില്ല. പുള്ളിക്ക് വേറെ പണിയൊന്നുമില്ല. എന്റെ സഹോദരന്‍ മരിച്ചുവെന്ന് അയാള്‍ പറഞ്ഞു. കണ്ടവര്‍ കരുതിയത് ഈ കേസ് വന്നതിന് ശേഷമാണ് സഹോദരന്‍ മരിച്ചതെന്ന്. പക്ഷേ എന്റെ സഹോദരന്‍ മരിക്കുന്നത് പതിമൂന്നാം വയസിലാണ്. ഞാന്‍ ഫീല്‍ഡില്‍ വരുന്നതിനും ഒരുപാട് മുമ്പാണത്. അതും വിറ്റ് കാശാക്കി. ഗണേശേട്ടനെ ചേര്‍ത്തും കഥ ഉണ്ടാക്കി. ഇനി അതൊക്കെ അനുവദിച്ചു കൊടുക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. സൈബറില്‍ പരാതി കൊടുത്തു. സിനിമാ ഫീല്‍ഡില്‍ ഒരുപാട് പേരെ ഇതുപോലെ ദ്രോഹിക്കുന്നുണ്ട്. അയാള്‍ക്കെതിരെ പരാതി നല്‍കിയ ശ്വേത മേനോനെ അഭിനന്ദിക്കുന്നു.