Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

ഇത് ബാഹുബലിയേക്കാള്‍ വലിയ വെല്ലുവിളി നിറഞ്ഞ ചിത്രം ; അറബിക്കടലിന്റെ സിംഹത്തെക്കുറിച്ച് സാബു സിറില്‍

, 8:31 pm

മോഹന്‍ലാല്‍ നായകനായെത്തുന്ന പ്രിയദര്‍ശന്‍ ചിത്രം അറബിക്കടലിന്റെ സിംഹം ബാഹുബലിയേക്കാള്‍ വെല്ലുവിളി നിറഞ്ഞ ചിത്രമാണെന്ന് സാബു സിറില്‍. ‘ഒരു കലാസംവിധായകനെന്ന നിലയില്‍ ബാഹുബലിയിലോ എന്തിരനിലോ അനുഭവിക്കാത്ത വെല്ലുവിളിയാണ് കുഞ്ഞാലിമരക്കാരില്‍ ഉള്ളത്. ഈ സിനിമ പറയുന്നത് ഒരു ചരിത്രമാണ്. അതിനാല്‍ തന്നെ വളരെയധികം റിസര്‍ച്ച് ആവശ്യമാണ്. ചിത്രത്തിന്റെ കഥ നടക്കുന്ന കാലഘട്ടത്തിലെ വേഷവിധാനങ്ങള്‍, ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, ജലനൗകകളുടെ രൂപം, യുദ്ധോപകരണങ്ങള്‍ തുടങ്ങി എല്ലാ കാര്യത്തിനും ശ്രദ്ധ വേണം.അതൊക്കെ പുനഃസൃഷ്ടിക്കാന്‍ വലിയൊരു ടീം തന്നെ എന്റെ കൂടെയുണ്ട്. ഇതെന്ന് പൂര്‍ത്തിയാക്കാനാകുമെന്ന് ഇപ്പോള്‍ പറയാനും കഴിയില്ല. പ്രിയനും മോഹന്‍ലാലിനുമൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ട്.” – സാബു സിറില്‍ പറയുന്നു.

മലയാള സിനിമ നൂറു കോടിക്കു മുകളില്‍ ബഡ്ജറ്റിട്ട് സിനിമകളൊരുക്കുന്നതില്‍ വ്യക്തിപരമായി വളരെയധികം സന്തോഷമുണ്ടെന്നും, പ്രതിഭയുടെ കാര്യത്തില്‍ എന്നും മുന്നിലുള്ള മലയാളത്തില്‍ പണം മുടക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകുന്നത് വലിയ കാര്യം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ഹിന്ദി , തെലുങ്ക് ഭാഷകളിലെ അഭിനേതാക്കള്‍ക്കു പുറമേ ചൈനീസ്, അറബിക് ഭാഷകളില്‍ നിന്നുള്ളവരും ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് ആയിരിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. നവംബര്‍ ഒന്നിന് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും . നൂറു കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആണ്. ചിത്രത്തില്‍ വലിയ താര നിര അണിനിരക്കുമെന്നും, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലെ വമ്പന്മാര്‍ അടക്കം ഈ ചിത്രത്തിന്റെ ഭാഗമായി വരുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജുനയും ബോളിവുഡിലെ പ്രശസ്ത താരം സുനില്‍ ഷെട്ടിയും സിനിമയുടെ ഭാഗമാകും.

അതേസമയം പ്രണവ് അടുത്തതായി ചെയ്യാന്‍ പോകുന്നത് അരുണ്‍ ഗോപി ചിത്രമാണ്. ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ആയി ഒരുക്കുന്ന ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പ്രണവ് മരക്കാറില്‍ ജോയിന്‍ ചെയ്യുക.

Advertisement