അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന “മിഷന്‍ സി” എന്ന സിനിമയിലെ ടിപ്പര്‍ ലോറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഇരുപത്തഞ്ചു വര്‍ഷത്തിലേറെയായി കലാസംവിധാന രംഗത്തേ നിറസാനിദ്ധ്യമായ സഹസ് ബാലയാണ്. നമ്പര്‍ 1 സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്ന സിനിമയിലൂടെയാണ് സഹസ് ബാല കലാസംവിധായക രംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. ടിപ്പര്‍ ലോറിയുടെ പുതിയ മുഖവും അതിനു പിന്നിലെ കഷ്ടപ്പാടുകളെ കുറിച്ചും സഹസ് ബാല സംസാരിക്കുന്നു.
“മിഷന്‍ സി” യുടെ ചിത്രീകരണം രാമക്കല്‍ മേട്ടിലാണ് പ്ലാന്‍ ചെയ്തത്. കലാസംവിധായകനായി നിയമിച്ചത് എന്നെ ആയിരുന്നുവെങ്കിലും സെറ്റിലേക്ക് രണ്ടോ മൂന്നോ അസിസ്റ്റന്റ്‌സിനെ അയച്ചാല്‍ മതിയെന്ന് സംവിധായകന്‍ പറഞ്ഞു. സിനിമയുടെ ബജറ്റ് ചെറുതായതു കൊണ്ടും കലാസംവിധാനത്തിന് അത്ര ഭയങ്കരമായ ജോലികള്‍ ഇല്ലാത്തതു കൊണ്ടുമാണ് സംവിധായകന്‍ അങ്ങനെ പറഞ്ഞതെങ്കിലും ആ സിനിമയ്ക്കു വേണ്ടി വര്‍ക്ക് ചെയ്യാന്‍ രാമക്കല്‍ മേട്ടിലെത്തി.
ഈ സിനിമയില്‍ ഒരു പ്രധാന ജോലി എന്നു പറയുന്നത് ആര്‍മിയില്‍ മാത്രമുള്ള എന്‍.എസ്.ജി (NSG) വണ്ടിയാണ്. എന്‍.എസ്.ജി എന്നാല്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് എന്നാണ്. അത് ഡല്‍ഹിയില്‍ മാത്രമാണുള്ളത്. പരിചയങ്ങളും സ്വാധീനങ്ങളും ഉപയോഗിച്ചാല്‍ മാത്രമേ എന്‍.എസ്.ജി വാഗണ്‍ രാമക്കല്‍ മേട്ടില്‍ കൊണ്ടുവരാന്‍ കഴിയും. അതിന് ലക്ഷങ്ങളുടെ ചെലവ് വരും. സിനിമയുടെ പ്രൊഡക്ഷന്‍ കോസ്റ്റിംഗ് ബ്ജറ്റ് ഒരു കോടിയും.
ഈ സാഹചര്യത്തിലാണ് എന്‍.എസ്.ജി വണ്ടി എങ്ങനെ ഉപയോഗിക്കാന്‍ കഴിയുമെന്ന് ആലോചിക്കുന്നത്. സംവിധായകനാകന്‍ സ്‌ക്രിപ്റ്റില്‍ നിന്നും എന്‍.എസ്.ജി വാഗണ്‍ ഒഴിവാക്കുന്ന കാര്യം പോലും ആലോചിച്ചു. എന്നാല്‍ എത്ര കഷ്ടപ്പെട്ടും ഇത് പരിഹരിക്കണമെന്ന് തോന്നിയത്. നിര്‍മ്മാണ രംഗത്ത് നവാഗതനായ ഷാജിയുടെ നാല്‍പ്പതോളം ടിപ്പര്‍ ലോറികളിലൊരെണ്ണം താല്‍ക്കാലികമായി തന്നാല്‍ എന്‍.എസ്.ജി വാഹനം റെഡിയാക്കാം എന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞു.
അത് റിസ്‌കും അമച്വര്‍ സെറ്റപ്പുമായിരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. പക്ഷേ പിന്മാറാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. കുറഞ്ഞ ചെലവില്‍ ഈ വാഹനം “മേക്ക് ഓവര്‍” ചെയ്ത് മാറിയെടുക്കാമെന്ന് ഉറപ്പുപറഞ്ഞു. രാമക്കല്‍ മേട്ടില്‍ തന്നെയുള്ള ഒരു ലോക്കല്‍ വര്‍ക്ക് ഷോപ്പുകാരുമായി കാര്യങ്ങള്‍ സംസാരിച്ച് അവര്‍ ചെയ്തു തരാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. അങ്ങനെ ഞാനും അസിസ്റ്റന്റ്‌സ് ആയ സജി സെബാസ്റ്റ്യനും അരുണും ചേര്‍ന്ന് നാലു ദിവസം കൊണ്ട് എന്‍.എസ്.ജി വാഗണ്‍ റെഡിയാക്കി.
ഒരു ബസും എന്‍.എസ്.ജി വാഹനവും ഒരുമിച്ചുള്ള ഒരു ചേസിംഗ് സീനാണ് സിനിമയിലുള്ളത്. ബസ്സിലുള്ള ടെററിസ്റ്റിനെ പിടികൂടാനായി എന്‍.എസ്.ജി വണ്ടി പിന്നാലെ പായുന്നതാണ് രംഗം. മൂന്നാറില്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാത്ത പുതിയ ഒരു ഹൈവേയുണ്ട്. ആ റോഡില്‍ ഷൂട്ട് ചെയ്യാനുള്ള പെര്‍മിഷന്‍ വാങ്ങിയശേഷം ചേസിംഗ് അവിടെയാണ് ചിത്രീകരിച്ചത്. മൂന്നാറിലെത്തിയ ടൂറിസ്റ്റുകള്‍ക്കും രാമക്കല്‍ മേട് നിവാസികള്‍ക്കും ഈ വാഹനം ഒരു കൗതുകമായി മാറിയിരിക്കുന്നു.
ആര്‍മിയില്‍ മാത്രമുള്ള ഈ വണ്ടി ഇവിടെയുള്ളവര്‍ക്ക് ഒരു പുതുമ തന്നെയായിരുന്നു. പലരും വാഹനത്തിനൊപ്പം നിന്ന് സെല്‍ഫിയെടുക്കുന്ന കാഴ്ചയും കുറവല്ലായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ നിര്‍മ്മാതാവ് ഷാജിക്കും സംവിധായകന്‍ വിനോദിനും ഈ വണ്ടി പൊളിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. ഒരു കാഴ്ച വസ്തുവാക്കി മാറ്റിയാലോ എന്നായി അവരുടെ ചിന്ത. ഒടുവില്‍ പൊളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.