എന്നെ മാംസമായി മാത്രം കാണുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് ഞാന്‍ ഫീഡ് ചെയ്യില്ല, ഗ്ലാമറസ് ചെയ്യില്ലെന്ന് തീരുമാനിച്ചതിന് പിന്നില്‍ ആ വീഡിയോ: സായ് പല്ലവി

ഗ്ലാമറസ് വേഷങ്ങളോട് പൂര്‍ണ്ണമായും നോ പറഞ്ഞ താരമാണ് സായ് പല്ലവി. ഗ്ലാമറസ് വേഷങ്ങള്‍ ഒഴിവാക്കാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സായ് പല്ലവി ഇപ്പോള്‍. ആദ്യ സിനിമ ‘പ്രേമം’ റിലീസ് ചെയ്ത ശേഷമുണ്ടായ സംഭവമാണ് ഗ്ലാമറസ് വേഷങ്ങള്‍ താന്‍ ഒഴിവാക്കാന്‍ കാരണം എന്നാണ് സായ് പല്ലവി പറയുന്നത്.

ജോര്‍ജിയയില്‍ ഒരിക്കല്‍ ഞാന്‍ ഡാന്‍സ് ചെയ്തിരുന്നു. മുഴുവന്‍ വിദേശികളായിരുന്നു അവിടെ. അമ്മയോടും അച്ഛനോടും ചോദിച്ചാണ് ആ കോസ്റ്റ്യൂം ഇട്ടത്. പ്രേമം റിലീസ് ചെയ്തപ്പോള്‍ ആരാണ് ഈ പെണ്‍കുട്ടിയെന്ന് എല്ലാവര്‍ക്കും കൗതുകം തോന്നിയിരുന്നു. അന്ന് ആ ഡാന്‍സ് വീഡിയോയും ഫോട്ടോകളും പ്രചരിച്ചു.

മനോഹരമായിരുന്ന ഡാന്‍സിനെ മറ്റൊരു രീതിയില്‍ ആളുകള്‍ കണ്ടു. എനിക്ക് അത് അണ്‍ കംഫര്‍ട്ടബിളായി. വിദേശത്ത് നിന്ന് ഒരാള്‍ വന്ന് ക്ലാസിക്കല്‍ ഡാന്‍സ് ചെയ്യുമ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട ഷോര്‍ട്‌സ് ധരിച്ച് ചെയ്യാന്‍ പറ്റില്ല. അതിന് വേണ്ട കോസ്റ്റ്യൂമുണ്ട്. എന്നാല്‍ ഈ ഡാന്‍സ് ആളുകള്‍ പിന്നീട് മറ്റൊരു രീതിയില്‍ കണ്ടപ്പോള്‍ ഇനിയിങ്ങനെ ചെയ്യില്ല എന്ന് തീരുമാനിച്ചു.

ഇങ്ങനെയൊരു കണ്ണിലൂടെ എന്നെ ആരും കാണേണ്ട ആവശ്യമില്ല. എന്നെ മാംസമായി മാത്രം കാണുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് ഞാന്‍ ഫീഡ് ചെയ്യില്ലെന്ന് അന്ന് തീരുമാനിച്ചതാണ്. അത്തരം കണ്ണുകള്‍ തന്നിലേക്ക് വരരുത്. ഈ തീരുമാനം കരിയറിനെ ബാധിച്ചാലും എനിക്ക് പ്രശ്‌നമല്ല. അതെല്ലാം ചെയ്ത് ഇതിനും മുകളിലെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

എനിക്ക് വരുന്ന റോളുകളില്‍ ഞാന്‍ ഓക്കെയാണ്. നല്ല കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലേ കരിയറില്‍ കൂടുതല്‍ കാലം നില്‍ക്കാന്‍ പറ്റുകയുള്ളു എന്നാണ് സായ് പല്ലവി പറയുന്നത്. അതേസമയം, ‘അമരന്‍’ എന്ന ചിത്രമാണ് സായ് പല്ലവിയുടെതായി ഇനി റിലീസ് ചെയ്യാനൊരുങ്ങുന്നത്.

Read more