താന്‍ എപ്പോഴും ദേശീയ അവാര്‍ഡ് പ്രതീക്ഷിക്കാറുണ്ടെന്ന് നടി സായ് പല്ലവി. സ്‌ക്രീനില്‍ തന്റെ കഥാപാത്രത്തിന് തോന്നുന്നത് ആളുകള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് മതി, ബാക്കിയെല്ലാം ബോണസ് ആയി വരുന്നതാണ്. പക്ഷെ താന്‍ എപ്പോഴും ദേശീയ അവാര്‍ഡ് ആഗ്രഹിച്ചിരുന്നു എന്നാണ് സായ് പല്ലവി പറയുന്നത്. അതിന് പിന്നിലെ കാരണത്തെ കുറിച്ചും നടി വെളിപ്പെടുത്തിയിട്ടുണ്ട്.
മുത്തശ്ശി സമ്മാനിച്ച സാരി ധരിക്കാനായാണ് താന്‍ ദേശീയ അവാര്‍ഡ് ആഗ്രഹിച്ചത് എന്നാണ് സായ് പല്ലവി പറയുന്നത്. എനിക്കെപ്പോഴും ദേശീയ അവാര്‍ഡ് വേണമായിരുന്നു. കാരണം എനിക്ക് 21 വയസായപ്പോള്‍ മുത്തശ്ശി ഒരു സാരി സമ്മാനിച്ചിരുന്നു. എന്നിട്ട് കല്ല്യാണത്തിന് ധരിച്ചോളൂവെന്ന് പറഞ്ഞു. ആ സമയത്ത് അവര്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.
ആ സമയം ഞാന്‍ എന്റെ ആദ്യ സിനിമ പോലും ചെയ്തിട്ടുണ്ടായിരുന്നില്ല. 24 വയസിനോട് അടുക്കുമ്പോഴാണ് ഞാന്‍ പ്രേമത്തില്‍ അഭിനയിക്കുന്നത്. പിന്നീട് ഏതെങ്കിലും വലിയ അവാര്‍ഡ് കിട്ടുമെന്ന് കരുതി. ദേശീയ അവാര്‍ഡ് ആയിരുന്നു ആ സമയത്തെ വലിയ അവാര്‍ഡുകളിലൊന്ന്. അതിനാല്‍ എനിക്ക് സാരി എപ്പോഴും ദേശീയ അവാര്‍ഡുമായി ബന്ധപ്പെട്ടുകിടക്കുന്നു.
സ്‌ക്രീനില്‍ എന്റെ കഥാപാത്രത്തിന് തോന്നുന്നത് ആളുകള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് മതി. അതാണ് എന്റെ ജോലി. ബാക്കിയെല്ലാം ബോണസായി വരുന്നതാണ് എന്നാണ് സായ് പല്ലവി പറയുന്നത്. അതേസമയം, 2022ല്‍ പുറത്തിറങ്ങിയ ‘ഗാര്‍ഗി’ സിനിമയിലെ പ്രകടനത്തിന് സായ് പല്ലവിക്ക് ദേശീയ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നിത്യ മേനോന്‍ ആണ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.
‘തണ്ടേല്‍’ ആണ് സായ് പല്ലവിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നാഗചൈതന്യ നായകനായ ചിത്രം മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് നേടുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.